- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'സിൽവർ ലൈൻ വികസനത്തിന്റെ രജതരേഖ; പദ്ധതി കേരളത്തിന്റെ സമഗ്ര വികസനത്തിന് അനിവാര്യം; വ്യാജപ്രചാരണത്തിലൂടെ പദ്ധതിയെ അട്ടിമറിക്കാൻ ശ്രമം തുടരുന്നു'; ഇടതുചേരിയിൽ നിന്നടക്കം വിമർശനം ഉയർന്നിട്ടും മുന്നോട്ടെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം: ഇടതുപക്ഷത്ത് നിന്നടക്കം വിമർശനങ്ങൾ ഉയരുകയും പൊതുജനങ്ങൾ കടുത്ത പ്രതിഷേധം തുടരുകയും ചെയ്യുമ്പോഴും സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ സമഗ്ര വികസനത്തിന് മുതൽ കൂട്ടാവുന്ന പദ്ധതിയാണ് സിൽവർ ലൈനെന്നും എന്നാൽ ആസൂത്രിതമായ വ്യാജപ്രചാരണത്തിലൂടെ പദ്ധതിയെ അട്ടിമറിക്കാൻ ശ്രമം തുടരുകയാണെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.
നാടിന്റെ പുരോഗതിക്ക് ഉതകുന്ന വികസന പ്രവർത്തനങ്ങൾക്കു തുരങ്കം വയ്ക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തിയ ചരിത്രമാണ് നമ്മുടേതെന്നും സിൽവർ ലൈൻ പദ്ധതിയുടെ ഗുണം തിരിച്ചറിഞ്ഞ് ഒന്നിച്ചു മുന്നോട്ട് പോകാമെന്നുമുള്ള ആഹ്വാനവും ഫേസ്‌ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രി നടത്തുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് -
കേരളത്തിന്റെ ഗതാഗത മേഖലയിൽ മാത്രമല്ല, സമഗ്ര വികസനത്തിന് തന്നെ മുതൽക്കൂട്ടായി മാറുന്ന പദ്ധതിയാണ് സിൽവർ ലൈൻ. നിരവധി തെറ്റിദ്ധാരണാജനകമായ വാർത്തകൾ പരത്തി പദ്ധതിയെ അട്ടിമറിക്കാൻ ഉള്ള ശ്രമങ്ങൾ പലരും നടത്തി വരുന്നുണ്ട്. എന്നാൽ പൊതുസമൂഹം അത്തരക്കാരുടെ പൊള്ളത്തരം തിരിച്ചറിയുന്നു എന്നതാണ് യാഥാർത്ഥ്യം. നാടിന്റെ പുരോഗതിക്ക് അനുഗുണമായ സുസ്ഥിരവും സുരക്ഷിതവും ആയ വികസന പ്രവർത്തനങ്ങൾക്കു തുരങ്കം വയ്ക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തിയ ചരിത്രമാണ് നമ്മുടേത്. സിൽവർ ലൈൻ പദ്ധതിയെ കുറിച്ചുള്ള വസ്തുതകൾ മനസ്സിലാക്കി അതിന്റെ വിജയത്തിനായി നമുക്ക് ഒരുമിച്ച് നിൽക്കാം. ഭാവി കേരളത്തിന്റെ അടിത്തറ ശക്തമാക്കാൻ പരിശ്രമിക്കാം.
സിൽവർ ലൈൻ പദ്ധതിക്ക് എതിരെ സിപിഎം ജില്ലാ സമ്മേളനത്തിൽ പോലും എതിർസ്വരങ്ങൾ ഉയരുന്നതിനിടെയാണ് പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി വീണ്ടും വ്യക്തമാക്കിയിരിക്കുന്നത്.
സിപിഎം ജില്ലാ സമ്മേളനങ്ങളിൽ നിന്നു പോലും എതിർശബ്ദം ഉയർന്നത് നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് വിമർശനം ഉയർന്നത്. നന്ദിഗ്രാം, ബംഗാൾ അനുഭവങ്ങൾ മറക്കരുത് എന്നായിരുന്നു വിമർശനങ്ങളിൽ ഒന്ന്. പരിസ്ഥിതി വിഷയങ്ങളിൽ മുതലാളിത്ത സമീപനമാണ് പാർട്ടിക്കെന്നും മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയിൽ നിന്ന് വിമർശനമുയർന്നു.
സിപിഎം ദേശീയ നിലപാട് കേരളം ദുർബലപ്പെടുത്തി. പീപ്പിൾ ഡെമോക്രസിയിൽ കിസാൻ സഭാ നേതാവ് അശോക് ധാവ്‌ളെ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ ലേഖനമെഴുതിയിരുന്നു. ബുള്ളറ്റ് ട്രെയിനിനെതിരെ മഹാരാഷ്ട്രയിൽ വലിയ പ്രതിഷേധങ്ങളും സംഘടിപ്പിച്ചതാണ്. ആ പാർട്ടി കേരളത്തിലേക്കെത്തുമ്പോൾ എന്തുകൊണ്ട് അതിവേഗ പാതയെ പിന്തുണയ്ക്കുന്നു എന്ന് ചോദ്യമുയർന്നു. സിപിഎമ്മിൽ ജില്ലാ സമ്മേളനത്തിൽ കെ റെയിൽ പദ്ധതിക്കെതിരെ വിമർശനം ഉയരുന്നത് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. സിപിഐക്കുള്ളിൽ നിന്ന് ഭിന്നത ഉയർന്നിരുന്നു.
കൂടാതെ പദ്ധതിക്ക് എതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് കടുത്ത എതിർപ്പും ആശങ്കയും പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു. എന്നാൽ സിൽവർ ലൈൻ വിരുദ്ധ പ്രചാരണങ്ങൾക്ക് വീടുകയറി മറുപടി പറയാനാണ് സി പി എം തീരുമാനം.
ജനങ്ങളുടെ പിന്തുണ തേടി ലഘുലേഖ പുറത്തിറക്കിയിരുന്നു. വികസന പദ്ധതികളെ അട്ടിമറിക്കാൻ യു ഡി എഫ്- ബിജെപി- ജമാഅത്തെ കൂട്ടുകെട്ടുണ്ടെന്ന് സി പി എം ആരോപിക്കുന്നു.സിൽവർ ലൈൻ പദ്ധതി സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെ കടന്നുപോകില്ലെന്നാണ് സി പി എമ്മിന്റെ വാദം.
പദ്ധതി ബാധിക്കുന്ന 9314 കെട്ടിട ഉടമകൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്നും പാർട്ടി വ്യക്തമാക്കി.സിൽവർ ലൈൻ സമ്പൂർണ ഹരിത പദ്ധതിയാണ്. കൃഷി ഭൂമിയെ ബാധിക്കില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകർക്കുമെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് ലഘുലേഖയിൽ പറയുന്നു.
പദ്ധതിക്കെതിരായുള്ള സങ്കുചിത രാഷ്ട്രീയ എതിർപ്പിനു മുന്നിൽ കീഴടങ്ങില്ല. അതു തുറന്നു കാട്ടി മുന്നോട്ടു പോകുമെന്നാണ് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയത്.
വിട്ടുനൽകുന്നവരുടെ പുനരധിവാസത്തിനു ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ശാസ്ത്രസാഹിത്യ പരിഷത് പ്രകടിപ്പിച്ച അഭിപ്രായങ്ങൾ സർക്കാർ കണക്കിലെടുത്തിട്ടുണ്ടെന്നു കോടിയേരി അവകാശപ്പെട്ടിരുന്നു. ശശി തരൂർ ഇക്കാര്യത്തിൽ പറഞ്ഞതു കേരളത്തിന്റെ പൊതു വികാരമാണ്. തരൂർ ജി23 സംഘത്തിൽ ഉള്ളതു കൊണ്ടാകും അദ്ദേഹത്തിനെതിരെ ചിലർ രംഗത്തു വന്നതെന്നും കോടിയേരി അഭിപ്രായപ്പെട്ടിരുന്നു.
അതേ സമയം സിൽവർ ലൈൻ പദ്ധതിയിൽ വിരുദ്ധ നിലപാട് സ്വീകരിച്ച ശശി തരൂരിനെ അനുനയിപ്പിക്കാനുള്ള വിഡി സതീശന്റെ നീക്കം ഫലം കണ്ടെന്നാണ് സൂചന. സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് യുഡിഎഫ് നടത്തിയ പഠനറിപ്പോർട്ടും തരൂരിന് കൈമാറിയ വിഡി സതീശൻ പദ്ധതിയെ എന്തു കൊണ്ട് എതിർക്കുന്നുവെന്ന് വ്യക്തമാക്കിയ വിശദീകരണ കുറുപ്പ് കൂടി ഒപ്പം നൽകി. ഇതോടൊപ്പം വിഷയത്തിൽ പാർട്ടി നിലപാടിനൊപ്പം നിൽക്കണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. വിഡി സതീശന്റെ കത്തിന് തരൂർ അനുകൂലമായി പ്രതികരിച്ചുവെന്നാണ് സൂചന.
ന്യൂസ് ഡെസ്ക്