മനാമ: പൊതു ഇടങ്ങളിൽ അനുവാദമില്ലാതെ വ്യക്തികളുടെ ചിത്രമെടുത്താൽ യുഎഇയിൽ കർശന ശിക്ഷ. ഭേദഗതി ചെയ്ത സൈബർ കുറ്റകൃത്യപ്രകാരം ഒരു വ്യക്തിയെ പിൻതുടരാനായി ചിത്രങ്ങൾ എടുക്കുകയോ രഹസ്യമായി റെക്കോർഡ് ചെയ്യുകയോ ചെയ്താൽ ആറുമാസം തടവോ ഒന്നര ലക്ഷം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ശിക്ഷയായി ലഭിക്കും. നിയമം ജനുവരി രണ്ടിന് പ്രാബല്യത്തിൽ വരും.

ശക്തമാകുന്ന ഡിജിറ്റൽ യുഗത്തിൽ പൗരന്മാർക്കും താമസക്കാർക്കും കൂടുതൽ സംരക്ഷണം വാഗ്ദാനം ചെയ്യുന്നതാണ് ഭേദഗതി ചെയ്ത സൈബർ കുറ്റകൃത്യ നിയമം. കിംവദന്തിയും തെറ്റിദ്ധരിപ്പിക്കുന്നതോ വ്യാജമോ ആയ വാർത്ത എന്നിവയുടെ പ്രചാരണം ചെറുക്കലും നിയമം ലക്ഷ്യമിടുന്നു. ബാങ്കുകൾ, മാധ്യമങ്ങൾ, ആരോഗ്യം, ശാസ്ത്രം തുടങ്ങിയ മേഖലകളിലെ ഡാറ്റാ സംവിധാനങ്ങൾക്ക് കേടുപാടുകൾ വരുത്തുന്ന കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ നൽകുന്നു. ഒരു സർക്കാർ സ്ഥാപനത്തിന്റെയോ മറ്റ് സുപ്രധാന സ്ഥാപനത്തിന്റെയോ വെബ്സൈറ്റ് മനഃപൂർവം നശിപ്പിക്കുകയോ താൽക്കാലികമായി നിർത്തിവെപ്പിക്കുകയോ ചെയ്യുന്നവർക്ക് ജയിൽ ശിക്ഷയും അഞ്ചു ലക്ഷം ദിർഹം മുതൽ മുപ്പത് ലക്ഷം ദിർഹം വരെ പിഴയും ലഭിക്കും.

ഓൺലൈനിൽ നടക്കുന്ന കുറ്റകൃത്യങ്ങളെ നേരിടാനും ജനങ്ങളുടെ സ്വകാര്യതയും അവകാശങ്ങളും സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് 2012 ലെ നിയമം പരിഷ്‌കരിച്ചത്. നെറ്റ്‌വർക്ക്, ഇൻഫർമേഷൻ ടെക്നോളജി പ്ലാറ്റ്ഫോം എന്നിവ ഉപയോഗിച്ച് നടത്തുന്ന ഓൺലൈൻ കുറ്റകൃത്യങ്ങളിൽ നിന്നും സമൂഹത്തെയും പൊതുമേഖലാ വെബ്സൈറ്റുകൾ, ഡാറ്റാ ബേസുകൾ എന്നിവയെയും സംരക്ഷിക്കലും ലക്ഷ്യമാണ്.