റോം: വയാഗ്ര ഗുളിക കഴിച്ചതിന് ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതിന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി 80 കാരനായ ഭർത്താവ്. ക്രിസ്തുമസ് ദിനത്തിൽ കിഴക്കൻ ഇറ്റലിയിലെ ഫാനാനോ ഡി ഗ്രാഡരയിലെ വീട്ടിൽ വച്ചാണ് സംഭവം. ആരോപണ വിധേയനായ വിറ്റോ കാൻഗിനിക്കെതിരെ അന്വേഷണം തുടരുകയാണ്.

ക്രിസ്മസ് ദിനത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമെന്ന് ഭാര്യ വാഗ്ദാനം ചെയ്തിരുന്നു. വയാഗ്ര ഗുളിക കഴിച്ചതിന് ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചപ്പോൾ വിസമ്മതം അറിയിച്ചതിനാണ് 61 കാരിയായ ഭാര്യ നതാലിയ കിറിചോക്കിനെ കൊലപ്പെടുത്തിയത്.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രക്തം പുരണ്ട ശരീരം തറയിൽ ഉപേക്ഷിച്ച് വിറ്റോ കാൻഗിനി ഉറങ്ങാൻ പോയി. പിറ്റേന്ന് രാവിലെ, പ്രഭാത ഭക്ഷണം കഴിച്ചു, തുടർന്ന് നായയുമായി പ്രഭാത സവാരിക്കും ഇറങ്ങി. എല്ലാം പതിവുപോലെ തുടരാനാണ് ശ്രമിച്ചത്.

രണ്ട് വർഷമായി ഭാര്യ ഷെഫായി ജോലി ചെയ്തിരുന്ന റെസ്റ്റോറന്റിൽ വിളിച്ച് ഇനി ഒരിക്കലും അവളെ കാണില്ലെന്ന് ഉടമയോട് പറഞ്ഞതോടെയാണ് കുറ്റകൃത്യം നടന്നതായി സംശയം ഉണർന്നത്. റസ്റ്റോറന്റ് ഉടമ പൊലീസിനെ വിളിക്കുകയും സംശയം തോന്നിയയാളുടെ വീട് സന്ദർശിക്കുകയുമായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥർ മിസ് കിറിചോക്കിന്റെ മൃതദേഹം കണ്ടെത്തി.ഹൃദയത്തിലുൾപ്പെടെ നാല് കുത്തുകൾ ഏറ്റതായി കണ്ടെത്തി. കാൻഗിനിയെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധം കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നും കണ്ടെത്തി.