മൂവാറ്റുപുഴ :രണ്ടു കൊലപാതകം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു.മുളന്തുരുത്തി കോലഞ്ചേരിക്കടവ് പാലത്തിന് സമീപം, എടപ്പാറമറ്റം വീട്ടിൽ അതുൽ സുധാകരൻ (23) നെയാണ് ജയിലിലടച്ചത്. റൂറൽ ജില്ലയിലെ മുളന്തുരുത്തി, ചോറ്റാനിക്കര പൊലീസ് സ്റ്റേഷനുകളിലും, കൊച്ചി സിറ്റിയിലെ ഉദയംപേരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലും നിരവധി കുറ്റകൃത്യങ്ങളിലെ പ്രതിയാണ്. റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

2019 ൽ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ ദിനേശ് ദിവാകരൻ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായിരുന്നു ഇയാൾ. 2021 ജൂലായിൽ ജോജി മത്തായി എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ജിയിലിൽ കഴിഞ്ഞ് വരവേയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.

ഓപറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ഇതുവരെ ഇയാൾ ഉൾപ്പടെ 31 പേരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുകയും 31 പേരെ നാട് കടത്തുകയും ചെയ്തു. എറണാകുളം റൂറൽ ജില്ലയിൽ ഗുണ്ടകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് കാപ്പ നിയമ പ്രകാരമുള്ള നടപടികൾ കൂടതൽ ശക്തമായി വരും ദിവസങ്ങളിൽ തുടരുമെന്നും ജില്ല പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു.