- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പകൽ കൊടുംചൂട്, രാത്രിയിൽ കിടുകിടാ വിറയ്ക്കുന്ന തണുപ്പും; ഏറ്റവും ചൂടേറിയ സ്ഥലങ്ങളിൽ ഒന്നായി കണ്ണൂർ; കാലാവസ്ഥാ വ്യതിയാനമെന്ന് പരിസ്ഥിതി പ്രവർത്തകർ

കണ്ണൂർ: പകൽനേരങ്ങളിൽ ഹൈവോൾട്ടേജ് ചൂടും രാത്രി കാലങ്ങളിൽ കൊടും തണുപ്പുമായി കാലാവസ്ഥ വ്യതിയാനത്തിന്റെ പിടിയിലമർന്ന് കണ്ണൂർ ജില്ല. രാജ്യത്തെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളിലൊന്നായി കഴിഞ്ഞ ദിവസം കണ്ണൂർ മാറിയിരുന്നു. ചൂടിനൊപ്പം കൊടും തണുപ്പും പടരുന്നതാണ് ജനങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നത്. ഇതോടെ പകർച്ചപ്പനിയും മറ്റു രോഗങ്ങളും പടരുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം മട്ടന്നൂരിൽ വിദേശത്ത് പോകാത്ത ഒരാൾക്ക് കോവിഡ് വകഭേദമായ ഓമിക്രോൺ സ്ഥിരീകരിച്ചത് ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്.
ഇത്തരമൊരു കാലാവസ്ഥാ വ്യതിയാനം മുമ്പൊന്നും അനുഭവപ്പെട്ടിട്ടില്ലെന്നാണ് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പു പ്രകാരം ഡിസംബർ 29 ന് കണ്ണൂരിലെ ചൂട് 34.1 സെൽഷ്യസാണ്. 27 ന് ചൂട് 34.3 സെൽഷ്യസായിരുന്നു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ടു പ്രകാരം കഴിഞ്ഞ 13 ന് 35.9 ഡിഗ്രി സെൽഷ്യസായിരുന്നു. ഇതു രാജ്യത്തെ തന്നെ ഏറ്റവും വലിയ ചൂടായി പിന്നീട് രേഖപ്പെടുത്തി. ചൂടു കൂടുന്തോറും തണുപ്പിനും ഒട്ടും കുറവില്ല. ഡിസംബർ 29 ന് ഏറ്റവും കുറഞ്ഞ താപനിലയായി രേഖപ്പെടുത്തിയത് 21.4 ഡിഗ്രി സെൽഷ്യസാണ്. ഇതു ജില്ലയിലെ ഏറ്റവും താഴ്ന്ന താപനിലയാണ്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലവസ്ഥ വ്യതിയാനം അനുഭവപ്പെട്ടത് കണ്ണുരിലാണെന്നാണ് ശാസ്ത്രീയ പഠനങ്ങൾ പറയുന്നത്. അറബിക്കടൽ പകൽ സമയങ്ങളിൽ തിളയ്ക്കുന്നതും വികസനത്തിന്റെ പേരിൽ തണൽ മരങ്ങൾ മുറിച്ചു മാറ്റിയതും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ കോൺക്രീറ്റ് കെട്ടിട സമുച്ചയങ്ങൾ ഉയർന്നതും കണ്ണൂർ കോർപറേഷനിൽ ചൂടു കൂടാൻ കാരണമായിട്ടുണ്ടെന്നു പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു. ഒരു കാലത്ത് ധാരാളം തണൽ മരങ്ങൾ ഉണ്ടായിരുന്ന നഗരമായിരുന്നു കണ്ണൂർ. റോഡുവികസനത്തിന്റെ പേരിൽ മരങ്ങൾ ധാരാളം മുറിച്ചു കളയുന്ന സാഹചര്യമാണ് ചൂടു അതിവേഗം കൂടാൻ കാരണമായതെന്നും ഇവർ ചൂണ്ടിക്കാട്ടി.


