വർക്കല: മൂന്നു ദിവസത്തെ ശിവഗിരി തീർത്ഥാടനത്തിന് ഇന്നു തുടക്കമാവും. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ രാവിലെ 7.30 നു പതാക ഉയർത്തും. 10 നു മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും. 12. 30 ന് ആരോഗ്യ സമ്മേളനം മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. അഞ്ചിനു ബ്രഹ്മവിദ്യാലയത്തിന്റെ കനക ജൂബിലി സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. സ്വാമി പരമാത്മാനന്ദ ഗിരി അധ്യക്ഷത വഹിക്കും.

തീർത്ഥാടന ഘോഷയാത്ര നാളെ പുലർച്ചെ 5 നു ആരംഭിക്കും. 9.30 നു തീർത്ഥാടന സമ്മേളനം കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്യും. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി വി.എൻ.വാസവൻ, ലുലു ഗ്രൂപ്പ് മേധാവി എം.എ.യൂസഫലി എന്നിവർ പങ്കെടുക്കും. ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പർ ഒളിംപിക്‌സ് മെഡൽ ജേതാവ് പി.ആർ.ശ്രീജേഷിനെ ചടങ്ങിൽ അനുമോദിക്കും.

ജനുവരി ഒന്നിനു മഹാസമാധി മന്ദിരത്തിലെ ഗുരുദേവ പ്രതിമ പ്രതിഷ്ഠാദിനം പ്രമാണിച്ച് രാവിലെ 7.30 നു ശാരദാമഠത്തിൽ നിന്നു മഹാസമാധി മന്ദിരത്തിലേക്ക് 108 പുഷ്പകലശങ്ങളുമായി പ്രയാണം. അഞ്ചിനു സമാപന സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ അധ്യക്ഷത വഹിക്കും.

തീർത്ഥാടനത്തിനു തുടക്കംകുറിച്ചു ശിവഗിരിയിൽ ഉയർത്തുന്നതിനുള്ള ധർമപതാക നാഗമ്പടം മഹാദേവർ ക്ഷേത്രാങ്കണത്തിൽ നിന്നു ശിവഗിരിയിൽ എത്തിച്ചു. പദയാത്രയും രഥഘോഷയാത്രയും ഇത്തവണ ഒഴിവാക്കിയിരുന്നു. നാഗമ്പടം ക്ഷേത്രാങ്കണത്തിൽ നടന്ന സമ്മേളനത്തിനു ശേഷം സ്വാമി ശിവബോധാനന്ദ പതാക എസ്എൻഡിപി യൂണിയൻ ഭാരവാഹികൾക്കു കൈമാറി. പ്രസിഡന്റ് എം.മധുവും സെക്രട്ടറി ആർ.രാജീവും ഏറ്റുവാങ്ങി. സമ്മേളനം യോഗം കൗൺസിലർ എ.ജി.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. എം.മധു അധ്യക്ഷത വഹിച്ചു. ആർ.രാജീവ്, വൈസ് പ്രസിഡന്റ് വി എം.ശശി എന്നിവർ പ്രസംഗിച്ചു.