- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ-റെയിലിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പേരിൽ വ്യാജ പ്രചരണം; അന്വേഷണം ആരംഭിച്ച് പൊലീസ്

കണ്ണൂർ: കെ-റെയിൽ പദ്ധതിക്കെതിരേ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പേരിൽ വ്യാജ പ്രചരണം നടത്തിയവർക്കെതിരെ ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഒ.എം. ശങ്കരൻ കണ്ണൂർ അസി. കമ്മിഷണർ പി.പി. സദാനന്ദന് നൽകിയ പരാതിയിലാണ് അന്വേഷണം. പരിഷത്തിന്റെ മുദ്രയും മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവും ഉപയോഗിച്ചിരിക്കുന്ന പോസ്റ്ററിൽ 'പാരിസ്ഥികാഘാത പഠനം, സാമൂഹികാഘാതപഠനം നടന്നിട്ടില്ല. സമ്പന്നവർഗത്തിന്റെ താത്പര്യമാണ് സംരക്ഷിക്കുന്നത്. കെ-റെയിൽ പദ്ധതിയിൽനിന്ന് സർക്കാർ പിന്മാറണം-ശാസ്ത്ര സാഹിത്യ പരിഷത്ത്' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രചരിപ്പിച്ച പോസ്റ്ററിൽ ഭീഷണിപ്പെടുത്തുന്നതോ അശ്ലീലമായതോ ആയ പരാമർശങ്ങൾ ഇല്ലാത്തതുകൊണ്ടും സ്ത്രീകൾക്കെതിരായ പരാമർശം അല്ലാത്തതുകൊണ്ടും പൊലീസ് നേരിട്ട് കേസെടുക്കില്ലെന്ന് അസി. കമ്മിഷണർ അറിയിച്ചു. അന്വേഷിച്ച് നിജസ്ഥിതി കോടതിക്ക് റിപ്പോർട്ടായി നൽകും. കേസെടുക്കണമോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരും പയ്യന്നൂരിലെ പരിസ്ഥിതിപ്രവർത്തകനും മറ്റും ഇത് പ്രചരിപ്പിച്ചവരിൽ പെടുന്നതായി പരിഷത്ത് പ്രവർത്തകർ പറയുന്നു.
കെ-റെയിലിലോ മറ്റ് ഏതെങ്കിലുമോ വിഷയത്തിൽ തങ്ങളുടെ നിലപാട് പ്രചരിപ്പിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സംഘടനയുടെ പേരും മുദ്രയും അനധികൃതമായി ഉപയോഗിച്ചതുകൊണ്ടാണ് പൊലീസിനെ സമീപിച്ചതെന്നും ഒ.എം. ശങ്കരൻ വ്യക്തമാക്കി.

