ഇന്ദോർ: വിദേശത്ത് നിന്നും നാല് ഡോസ് വാക്സിൻ സ്വീകരിച്ച യുവതിക്ക് ഇന്ദോർ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. എയർ ഇന്ത്യ വിമാനത്തിൽ ദുബായിലേക്ക് പോകാനായി ഇന്ദോറിലെത്തിയ യുവതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് വ്യത്യസ്ത വാക്സിനുകളുടെ രണ്ട് ഡോസ് വീതമാണ് ഇവർ സ്വീകരിച്ചത്.

വ്യത്യസ്ത രാജ്യങ്ങളിൽ നിന്നാണ് 30-കാരിയായ യുവതി നാല് ഡോസ് വാക്സിൻ സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ജനുവരിയിലും ഓഗസ്റ്റിലുമായി ഇവർ നാല് തവണ വാക്സിൻ സ്വീകരിച്ചിരുന്നതായാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ചൈനീസ് വാക്സിനായ സിനോഫാമിന്റേയും ഫൈസറിന്റേയും രണ്ട് വീതം ഡോസുകളാണ് ഇവർ സ്വീകരിച്ചത്.

വ്യത്യസ്ത രാജ്യങ്ങളിൽനിന്ന് നാല് ഡോസ് വാക്സിൻ സ്വീകരിച്ച 30 വയസ്സുള്ള യുവതി വിമാനത്താവളത്തിൽ നടത്തിയ കോവിഡ് പരിശോധയിൽ രോഗം സ്ഥിരീകരിച്ചതിനേ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് ഇന്ദോർ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ ഭൂരെ സിങ് പറഞ്ഞു. രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്ന അവർക്ക് ഒരു ദിവസം മുമ്പ് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി 12 ദിവസം മുമ്പാണ് ഇവർ നാട്ടിൽ എത്തിയത്. ചൊവ്വാഴ്ച നടത്തിയ പരിശോധനയുടെ ഫലം നെഗറ്റീവായിരുന്നു. ഇന്നലെ ദുബായിലേക്ക് മടങ്ങാനിരിക്കെയാണ് വിമാനത്താവളത്തിൽ സർക്കാർ മാനദണ്ഡപ്രകാരം കോവിഡ് പരിശോധനക്ക് വിധേയയായത്. രോഗം സ്ഥിരീകരിച്ചതിനേ തുടന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.