- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിഴക്കമ്പലം ആക്രമണം: നാല് മുഖ്യപ്രതികൾ പൊലീസ് കസ്റ്റഡിയിൽ; ആക്രമണത്തിൽ പ്രധാന പങ്കുവഹിച്ചവരെന്ന് പൊലീസ്; ലഹരി വസ്തുക്കൾ എത്തുന്നതിൽ അടക്കം അന്വേഷണം
കൊച്ചി: കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച കേസിൽ പിടിയിലായ അതിഥി തൊഴിലാളികളിൽ നാല് പേരെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. മണിപ്പൂർ സ്വദേശികളായ ആദ്യ മൂന്ന് പ്രതികളെയും ജാർഖണ്ഡ് സ്വദേശിയായ പതിനാലാം പ്രതിയേയുമാണ് കസ്റ്റഡിയിൽ വിട്ടത്. ആക്രമണത്തിൽ പ്രധാന പങ്കുവഹിച്ചവരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു.
ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത് സംഘർഷത്തിന് പിന്നിലെ കാരണങ്ങളെകുറിച്ച് വിശദമായി അന്വേഷിക്കാനാണ് തീരുമാനം. ഇവർക്ക് ലഹരി വസ്തുക്കൾ എത്തുന്നത് എങ്ങനെയാണെന്നതിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
അതിനിടെ കിഴക്കമ്പലത്ത് പൊലീസിനെതിരെ ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നുമുണ്ടായ ആക്രമണം പ്രത്യേക സംഭവമാണെന്നും പൊലീസിനെ കരുതികൂട്ടി ആക്രമിച്ചതാണെന്ന് ഇതുവരെ അന്വേഷണത്തിൽ തെളിഞ്ഞിട്ടില്ലെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു.
സംഘടിത കുറ്റതൃത്യങ്ങൾ തടയാൻ തുടർച്ചയായ പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. അതേ സമയം കിറ്റെക്‌സിൽ നേരിട്ടെത്തി പരിശോധന നടത്തിയ ലേബർ കമ്മീഷണർ എസ് ചിത്ര തൊഴിൽ മന്ത്രിക്ക് നൽകേണ്ട റിപ്പോർട്ട് ഇന്ന് കൈമാറിയേക്കും. രേഖകൾ ഉൾപ്പെടെ പരിശോധിച്ച് ഉടൻ സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് ലേബർ കമ്മീഷണർ വ്യക്തമാക്കി.
കിഴക്കമ്പലം കിറ്റെക്‌സ് തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിലെ യഥാർത്ഥ കാരണം കണ്ടെത്തുമെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. മദ്യത്തിനൊപ്പം പ്രതികൾ ഏതൊക്കെ ലഹരിവസ്തുക്കൾ ഉപയോഗിച്ചുവെന്നതിലും വ്യക്തത വരുത്തും. സംഭവത്തിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർക്ക് ചികിത്സ ചെലവ് സർക്കാർ ലഭ്യമാകാത്തതിൽ വിർമശനം ഉയർന്നതോടെ ചെലവ് ഏറ്റെടുക്കാൻ ഡിജിപി നിർദ്ദേശം നൽകിയിരുന്നു.
ക്രിസ്മസ് ദിനത്തിലെ ആൾക്കൂട്ട ആക്രമണത്തിന് പ്രേരണയായ സാഹചര്യങ്ങൾ കണ്ടെത്തുകയാണ് പൊലീസ്. കരോൾ നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ എല്ലാത്തിന്റെയും തുടക്കം. എന്നാൽ ഈ രീതിയിലുള്ള പ്രകോപനത്തിന് മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നാണ് പൊലീസ് തേടുന്നത്. ഇതിനായി തൊഴിലാളികളുടെയും നാട്ടുകാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും.
കൂടുതൽ ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇവരുടെ ലഹരി ഉപയോഗം സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ കണ്ടെത്തുകയാണ് പൊലീസ്. അറസ്റ്റിലായ 164 പ്രതികളെ എറണാകുളം, തൃശൂർ ജില്ലകളിലെ ജയിലുകളിലേക്ക് നേരത്തെ മാറ്റിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ