തിരുവനന്തപുരം: സിൽവർ ലൈൻ ഇടതുപക്ഷത്തിന്റെ പദ്ധതിയാണെന്നും ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച ശേഷമേ നടപ്പാക്കൂവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രതിപക്ഷ പ്രതിഷേധം വിശദമായ വിവരങ്ങൾ അറിയാതെയാണ്. ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രമേ പദ്ധതി നടപ്പാക്കൂ.

പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐക്കുള്ളിൽ രണ്ട് അഭിപ്രായമില്ല. പദ്ധതിക്ക് എതിരഭിപ്രായം ഉണ്ടാകാമെന്ന് പറഞ്ഞ കാനം രാജേന്ദ്രൻ, സർക്കാർ സമന്വയത്തിലൂടെ മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി. പദ്ധതിക്ക് വിശദമായ ഡിപിആർ വേണമെന്ന് പറയുന്നതിൽ അടിസ്ഥാനമില്ല. എസ് രാജേന്ദ്രന്റെ സിപിഐ പ്രവേശനവുമായി ബന്ധപ്പെട്ട് നിലവിൽ ചർച്ചകൾ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏതൊരു പുതിയ പദ്ധതിയിലും ജനങ്ങൾക്ക് സ്വാഭാവികമായും ആശങ്കകളുണ്ടാകും. അത് പരിഹരിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.

എല്ലാ ആശങ്കകളും പരിഹരിച്ച ശേഷം മാത്രമേ സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കു. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പഠനങ്ങളും നടത്തും. എല്ലാ ഘട്ടത്തിലും പൊതുജനങ്ങൾക്ക് അഭിപ്രായം പറയാനുള്ള സാഹചര്യമുണ്ടാവും. ഇപ്പോൾ തൽക്കാലം ഇതിന്റെ അലൈന്മെന്റ് നിർണയിക്കാനുള്ള നടപടികൾ മുന്നോട്ട് പോവണം. അതിനോട് ജനങ്ങൾ സഹകരിക്കണം.

വിഷയത്തിൽ സിപിഐക്ക് രണ്ട് അഭിപ്രായമില്ല. എൽ.ഡി.എഫിന്റെ അഭിപ്രായമാണ് സിപിഐയ്ക്കുമുള്ളത്. എതിരഭിപ്രായങ്ങൾ സ്വാഭാവികമാണ്. അവരെ കൂടെ ബോധ്യപ്പെടുത്തി മുന്നോട്ട് പോകാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.