ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകൾ കുതിക്കുന്നത് ഓമിക്രോൺ വ്യാപനം കാരണമെന്ന് ആരോഗ്യമന്ത്രാലയം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേസുകൾ ഇരട്ടിയാകുകയാണ്. മാസ്‌ക് തന്നെയാണ് പ്രധാന ആയുധമെന്നും വെല്ലുവിളി നേരിടാൻ എല്ലാവരും സജ്ജരാകണമെന്നും കേന്ദ്രത്തിന്റെ നിർദേശമുണ്ട്. അതേസമയം ഡൽഹിയിൽ ഓമിക്രോണിന്റെ സമൂഹവ്യാപനം ഉണ്ടെന്നാണ് സംസ്ഥാന സർക്കാർ സ്ഥിരീകരിക്കുന്നത്.

ഇന്ത്യയിൽ പ്രായപൂർത്തിയായവരിൽ ഏകദേശം 90% പേർക്കും കോവിഡ് വാക്സിന്റെ ആദ്യ ഡോസ് കുത്തിവയ്‌പ്പ് എടുത്തിട്ടുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. ജനുവരി 10 മുതൽ ആരംഭിക്കുന്ന മുൻകരുതൽ ഡോസ് എടുക്കുന്നതിന് അർഹരായവർക്ക് സർക്കാർ എസ്എംഎസ് അയയ്ക്കുമെന്നും മന്ത്രാലയം അറിയിച്ചു.

വാക്‌സിനേഷന് മുമ്പും ശേഷവും മാസ്‌കുകൾ ഉപയോഗിക്കുന്നത് നിർബന്ധമാണ്. കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. ഇന്ത്യയിൽ 961 ഓമിക്രോൺ കേസുകളാണ് സ്ഥിരീകരിച്ചത്. അതിൽ 320 രോഗികൾ സുഖം പ്രാപിച്ചു.