തിരുവനന്തപുരം : പ്രശസ്ത സംവിധായകൻ എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആർആർആർ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് വെച്ച് നടന്നത്. താരങ്ങളായ രാം ചരൺ, ജൂനിയർ എൻ. ടി. ആർ, പ്രൊഡ്യൂസർ ഡി.വി.വി രാമയ്യ, ടോവിനോ, ഷിബു തമീൻസ് എന്നിവർ പങ്കെടുത്ത ചടങ്ങ് ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഉദ്ഘാടനം ചെയ്തത്.

ഉദ്ഘാടന പ്രസംഗത്തിനിടെ മന്ത്രി, സംവിധായകന്റെ പേര് തെറ്റിച്ച് പറഞ്ഞത് ഇപ്പോൾ സമൂഹമാധ്യമങ്ങൾ വൈറലായിരിക്കുകയാണ്. രാജമൗലി എന്നതിന് പകരം രാജ മൗലവി എന്നാണ് ആന്റണി രാജു പറഞ്ഞത്.

'ലോക ചലച്ചിത്ര രംഗത്തെ കുലപതിയായ രാജ മൗലവി' എന്ന് പറഞ്ഞാണ് രാജമൗലിയെ ആന്റണി രാജു വിശേഷിപ്പിച്ചത്. വീഡിയോ വൈറലായതോടെ പരിഹാസവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. എസ്ഡിപിഐ സുഹൃത്താണ് മന്ത്രിയെന്നും മൗലവി എന്ന വിചാരം മാത്രമേ ഉള്ളൂ എന്നുമുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

കട്ടപ്പയെ കാദർക്കാ എന്ന് വിളിക്കു എന്നും ചിലർ ചോദിക്കുന്നുണ്ട്. കേരളത്തിലെ മന്ത്രിമാർക്ക് വിവരം വേണം എന്ന് നിർബന്ധം പിടിക്കരുത്, വിവരം ഇല്ലാത്ത ജനങ്ങൾ തിരഞ്ഞെടുത്ത ആൾക്ക് എങ്ങനെ വിവരം ഉണ്ടാകും എന്ന പ്രതികരണങ്ങളും പോസ്റ്റിന് ലഭിക്കുന്നുണ്ട്. പള്ളിയിലെ മൗലവിയെക്കുറിച്ചാണോ പറഞ്ഞത് എന്ന സംശയങ്ങളും ഉയരുന്നുണ്ട്.