ന്യൂഡൽഹി: ഛത്തീസ്‌ഗഡിലെ റായ്പുരിൽ നടന്ന മതസമ്മേളനത്തിൽ മഹാത്മാഗാന്ധിയെ അവഹേളിച്ച സന്യാസി കാളിചരണിനെ പൊലീസ് അറസ്റ്റ് ചെയ്തു. റായ്പുരിലെ വിദ്വേഷ പ്രസംഗത്തിന് ശേഷം മധ്യപ്രദേശിലെക്ക് പോയ ഇയാളെ ഖജുറാഹോയിൽ നിന്നും റായ്പൂർ പൊലീസ് അറസ്റ്റ് ചെയ്യുക ആയിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

റായ്പുരിൽ നടന്ന ചടങ്ങിൽ പ്രസംഗിക്കാനെത്തിയ കാളിചരൺ് ഗാന്ധിഘാതകൻ നാഥുറാം ഗോഡ്‌സയെ പ്രകീർത്തിച്ചും ഗാന്ധിജിയെ അവഹേളിച്ചും സംസാരിക്കുക ആയിരുന്നു. അന്നു തന്നെ പൊലീസ് കേസെടുക്കുകയും ചെയ്തു. തുടർന്ന് കാളിചരണിനായി വലവിരിച്ച പൊലീസ് ഇന്നലെ പുലർച്ചെ ഖജുറാഹോയ്ക്കു സമീപം ബാഗേശ്വർ ധാമിൽ നിന്നും ഇയാളെ പിടികൂടുകയായിരുന്നു. സന്യാസിയുടെ അറസ്റ്റിനെച്ചൊല്ലി മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് സർക്കാരുകൾ തമ്മിൽ തർക്കമുണ്ടായി.

ഇതിനിടെ, ഛത്തീസ്‌ഗഡ് പൊലീസിന്റെ നടപടി ചട്ടലംഘനമാണെന്നു മധ്യപ്രദേശിലെ ബിജെപി നേതാവും സംസ്ഥാന ആഭ്യന്തര മന്ത്രിയുമായ നരോത്തം മിശ്ര കുറ്റപ്പെടുത്തി. എന്നാൽ, നിയമം പാലിച്ചാണ് അറസ്റ്റെന്നും രാജ്യദ്രോഹം ചെയ്തയാളെ പിടികൂടിയതിൽ മധ്യപ്രദേശ് മന്ത്രിക്ക് സന്തോഷമാണോ ദുഃഖമാണോയെന്ന് അറിയണമെന്നും ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗൽ പറഞ്ഞു.

അതേസമയം ഹരിദ്വാറിൽ വിദ്വേഷ പ്രസംഗം നടത്തിയ ജിതേന്ദ്രനാരായണൻ ത്യാഗി, സാധ്വി അന്നപൂർണ എന്നിവരോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഹരിദ്വാർ പൊലീസ് നോട്ടിസ് നൽകി. ഇവരടക്കം കഴിഞ്ഞ ദിവസം ഇതേ പൊലീസ് സ്റ്റേഷനിൽ കൗണ്ടർ കേസ് നൽകാൻ എത്തിയിരുന്നു. ആരോപണങ്ങളുടെ പേരിൽ കേസെടുക്കാനാവില്ലെന്നും വിശദമായ അന്വേഷണത്തിനു ശേഷമേ നടപടികളെടുക്കൂ എന്നുമാണ് പൊലീസിന്റെ വിശദീകരണം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അടക്കമുള്ള കോൺഗ്രസ് നേതാക്കളും നടൻ നസിറുദ്ദീൻ ഷായും പൊലീസിന്റെ നിഷ്‌ക്രിയത്വത്തെ അപലപിച്ചു