മുംബൈ: പുതുവത്സര ദിനത്തിൽ മുംബൈയിലെ വിവിധ പ്രദേശങ്ങളിൽ ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. ഇതേ തുടർന്ന് മുംബൈയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. മുൻകരുതലിന്റെ ഭാഗമായി, അവധിയിൽ പോയ ഉദ്യോഗസ്ഥരോടെല്ലാം തിരികെ ജോലിയിൽ പ്രവേശിക്കാൻ മുംബൈ പൊലീസ് നിർദേശിച്ചു. ഖലിസ്ഥാൻ ഭീകരർ ആക്രമണം നടത്തുമെന്നാണ് സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പെന്ന് ദേശീയ മാധ്യമമായ ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.

ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്, ബാന്ദ്ര ചർച്ച്ഗേറ്റ്, കുർള തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ഇവിടങ്ങളിൽ 3000 റെയിൽവേ ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്കായി വിന്യസിക്കുമെന്നു മുംബൈ പൊലീസ് കമ്മിഷണർ അറിയിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്ത് ജനുവരി 7 വരെ മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പുതുവത്സരാഘോഷം ഉൾപ്പെടെ ഒരുവിധ പൊതുചടങ്ങുകളും ഈ ദിവസങ്ങളിൽ നടത്താനാവില്ല.