- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലച്ചോറിന് ഗുരുതരരോഗമുള്ള സ്വപ്ന; ഹൃദയശസ്ത്രക്രിയ നിർദേശിച്ചിട്ടുള്ള സണ്ണി: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയ്‌ക്കെത്തിയ ദമ്പതികൾ താമസിക്കുന്നത് ഓട്ടോറിക്ഷയിൽ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ ദമ്പതിമാർ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം താമസിക്കുന്നത് സ്വന്തം ഓട്ടോറിക്ഷയിൽ. എറണാകുളം കച്ചേരിപ്പടി, വടുതല വട്ടപ്പറമ്പിൽ സണ്ണി(48)യും ഭാര്യ സ്വപ്ന(42)യുമാണ് വാടകയ്ക്ക് താമസിക്കാൻ പണില്ലാത്തതിനാൽ ഓട്ടോറിക്ഷയിൽ കഴിയുന്നത്. ഒരുമാസമായി ഓട്ടോയ്ക്കുള്ളിലെ പായയിലാണ് ഇരുവരും ചുരുണ്ട് കൂടുന്നത്.
സണ്ണിയും സ്വപ്‌നയും രോഗികളാണ്. ചികിത്സയ്ക്ക് ചെലവാക്കി സമ്പാദ്യം മുഴുനും തീർന്നതോടെയാണ് ഇരുവരും കോട്ടയെ മെഡിക്കൽ കോളേജിൽ എത്തിയതും ഓട്ടോയിലേക്ക് താമസം മാറ്റിയതും. തലച്ചോറിന് ഗുരുതരരോഗമുള്ള സ്വപ്നയ്ക്കും ഹൃദയശസ്ത്രക്രിയ നിർദേശിച്ചിട്ടുള്ള സണ്ണിക്കും ഇടവിട്ട ദിവസങ്ങളിൽ ആശുപത്രിയിൽ എത്തണം. ഒമ്പത് വർഷം മുമ്പ് സ്വപ്‌നയ്ക്കുണ്ടായ തലവേദനയാണ് ഇരുവരുടേയും ജീവിതത്തിന്റെ ഗതി തന്നെ മാറ്റിയത്.
എറണാകുളത്തെ ആശുപത്രികളിൽ ചികിത്സതേടി സമ്പാദ്യം തീർന്നെന്ന് മാത്രമല്ല കടവും ബാധ്യതയുമാവുകയും ചെയ്തു. ഇതോടെയാണ് ഭാര്യയെയും കൂട്ടി സണ്ണി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. സ്വപ്‌നയ്ക്ക് തലച്ചോറിലെ രോഗത്തിന് ചികിത്സിക്കുമ്പോഴാണ് കോവിഡ് ബാധിക്കുന്നത്. അതിന്റെ തുടർച്ചയായി ഹൃദയത്തിനും ചെറിയതകരാർ കണ്ടെത്തി. ചികിത്സയ്ക്കും മരുന്നിനുമായി മാസം കുറഞ്ഞത് 5000 രൂപയെങ്കിലും വേണമെന്നായി.
ഈ സമയത്താണ് ഭർത്താവ് സണ്ണിക്ക് കോവിഡ് ബാധിക്കുന്നത്. ഇതിനിടയിൽ നെഞ്ചുവേദനയെത്തുടർന്നുള്ള പരിശോധനയിലാണ് സണ്ണിയുടെ ഹൃദയത്തിൽ ബ്ലോക്കുകൾ കണ്ടെത്തിയത്. ഇതിനും ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. പക്ഷേ, ഒന്നിനും പണമില്ല. തത്കാലം മരുന്നുകൊണ്ട് കഴിയുന്നു. സന്നദ്ധ സ്ഥാപനമായ 'നവജീവനും' ചില ഉദാരമതികളും ചെറിയസഹായം നൽകുന്നുണ്ട്. എങ്കിലും ചികിത്സയ്കും ശസ്ത്രക്രിയയ്ക്കുമായി ആരുടെയെങ്കിലും വലിയ സഹായം കൂടിയേ തീരൂ.
തിരുവനന്തപുരത്ത് ജോലിയുണ്ടായിരുന്ന സണ്ണി, ഭാര്യയുടെ അസുഖം മൂലമാണ് അത് നിർത്തി നാട്ടിലേക്ക് മടങ്ങിയത്. പല ജോലികൾ ചെയ്‌തെങ്കിലും കിട്ടിയ പണം ഒന്നിനും തികഞ്ഞില്ല. ഒടുവിൽ ഓട്ടോറിക്ഷ ഓടിച്ചെങ്കിലും കോവിഡ് അതും ഇല്ലാതാക്കി. ഓട്ടോറിക്ഷ ഓടിച്ച് വരുമാനം കണ്ടെത്താൻ കഴിയുന്നില്ലെങ്കിലും ഇന്നവർക്ക് അത് അഭയകേന്ദ്രമായി. ഇരുവരും ചുരുണ്ടുകൂടിയാണ് ഓട്ടോയിൽ കിടക്കുന്നത്. ഭാര്യയ്ക്ക് നിവർന്ന് കിടക്കാൻ തോന്നുമ്പോൾ സണ്ണി റോഡിൽ പായ വിരിച്ച് മാറിക്കിടക്കും.
പണം നൽകി ശൗചാലയത്തിലും പോകും. ഭാര്യയെ ചികിത്സിക്കാൻ, തന്റെ ഹൃദയത്തകരാർ അവഗണിച്ച് കൂലിപ്പണിക്ക് പോകാനും സണ്ണി തയ്യാർ. പരാശ്രയമില്ലാതെ ജീവിക്കുകയെന്നതാണ് ഇരുവരുടേയും സ്വപ്നം. പക്ഷേ, രോഗങ്ങൾ അതിന് തടസ്സമാകുന്നു.
മറുനാടന് മലയാളി ബ്യൂറോ