കൊച്ചി: അന്തരിച്ച നടൻ ജി.കെ പിള്ളയ്ക്ക് ആദരാഞ്ജലികൾ നേർന്ന് നടി ആശാ ശരത്. വെള്ളിയാഴ്‌ച്ച രാവിലെയായിരുന്നു ജി.കെ പിള്ള(97) അന്തരിച്ചത്. തിരുവനന്തപുരം ഇടവയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.

സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന പരമ്പരയിൽ ഇരുവരും അച്ഛനും മകളുമായി അഭിനയിച്ചിരുന്നു. കുങ്കുമപ്പൂവിലെ പ്രൊഫസർ ജയന്തിയുടെ അച്ഛൻ തനിക്ക് സ്വന്തം അച്ഛൻ തന്നെയാണെന്നും അദ്ദേഹത്തിന്റെ വേർപാട് വ്യക്തിപരമായ നഷ്ടവും വേദനയുമാണെന്ന് ആശാ ശരത്ത് കുറിച്ചു.

'അച്ഛൻ എന്ന് മാത്രമേ ഞാൻ വിളച്ചിട്ടുള്ളൂ..തനിക്ക് പിറക്കാതെ പോയ മകൾ എന്ന നിലയിലാണ് അദ്ദേഹം എന്നെ സ്‌നേഹിച്ചത്.. കുങ്കുമപ്പൂവിലെ പ്രഫസർ ജയന്തിയുടെ അച്ഛൻ എനിക്ക് സ്വന്തം അച്ഛൻ തന്നെയാണ്. അദ്ദേഹത്തിന്റെ വേർപാട്, അതു കൊണ്ടുതന്നെ എനിക്ക് വ്യക്തിപരമായ നഷ്ടവും വേദനയുമാകുന്നു.. പ്രണാമം..'ആശയുടെ കുറിപ്പിൽ പറയുന്നു.

1954-ൽ സ്നേഹസീമയെന്ന ചിത്രത്തിലൂടെ മലയാളസിനിമാലോകത്തെ സ്ഥിരം സാന്നിധ്യമായിരുന്നുവെങ്കിലും മലയാളികൾ പിള്ളയെ നെഞ്ചേറ്റിയത് കുങ്കുമപ്പൂവ് എന്ന മെഗസ്സീരിയലിലെ പ്രൊഫസർ ജയന്തിയുടെ അച്ഛൻ കേണൽ ജഗന്നാഥ വർമ എന്ന കഥാപാത്രത്തോടെയാണ്. മകൾക്കൊപ്പം നിഴലുപോലെ നിൽക്കുന്ന ആ അച്ഛൻ പഴയകാല പ്രേംനസീർ സിനിമകളിലെ സ്ഥിരം വില്ലനായിരുന്നുവെന്നത് ചരിത്രം. പട്ടാള ജീവിതം ഉപേക്ഷിച്ചായിരുന്നു സിനിമയിലേക്കുള്ള പിള്ളയുടെ അരങ്ങേറ്റം.

തുണയായത് നാട്ടുകാരനും കളിക്കൂട്ടുകാരനുമായ പ്രേംനസീറുമായുള്ള ബന്ധവും. പിന്നീട് നസീർ നായകനായ സിനിമകളിൽ പിള്ള വില്ലനായി. വടക്കൻപാട്ട് ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമായി. പിള്ളയുടെ ശരീരപ്രകൃതി അതിനേറെ സഹായിച്ചു.

ഡ്യൂപ്പുകളുടെ സഹായമില്ലാതെ തന്നെ വാൾപ്പയറ്റും മല്ലയുദ്ധവും കുതിര സവാരിയുമൊക്കെ നടത്തിയിരുന്ന തികഞ്ഞ അഭിനേതാവായിരുന്നു പിള്ള.എൺപതുകളുടെ അവസാനം വരെ സിനിമകളിൽ സജീവമായിരുന്ന പിള്ള മിനിസ്‌ക്രീനിലൂടെയാണ് ഉജ്ജ്വലമായ രണ്ടാംവരവ് നടത്തുന്നത്. കടമറ്റത്ത് കത്തനാരായിരുന്നു ആദ്യ ടെലിവിഷൻ സീരിയൽ. പിന്നീട് കുങ്കുമപ്പൂവിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മനം കവർന്നു.