തിരുവനന്തപുരം: കേരളത്തിൽ നാല് ദിവസം രാത്രി നിയന്ത്രണം ഏർപ്പെടുത്തിയതോടെ, പുതുവർഷം ആഘോഷിക്കാൻ ഇരുന്നവരെല്ലാം ഗോവ പോലുള്ള ഇതര സംസ്ഥാനങ്ങളിലേക്ക് വച്ചുപിടിച്ചു. ഹോട്ടലുകളിലും റിസോർട്ടുകളിലും ട്രാവൽസുകളിലും ഈ ദിവസങ്ങളിലെ ബുക്കിങ് റദ്ദായി. ടൂറിസം മേഖലയ്ക്ക് തീരുമാനം തിരിച്ചടിയായി. ഇതിനെല്ലാം പുറമേയാണ് നിയന്ത്രണങ്ങളുടെ പേരിലുള്ള പൊലീസിന്റെ ഔചിത്യമില്ലാത്ത പെരുമാറ്റങ്ങൾ. തിരുവനന്തപുരത്ത് കോവളമാണ് ഏറെ കാലമായി പുതുവർഷാഘോഷത്തിന്റെ കേന്ദ്രം. കോവളം റൂട്ടിൽ പൊലീസ് ഇരയെ പിടിക്കാൻ എന്ന മട്ടിൽ വലയും വീശി കാത്തിരിപ്പാണ്.

മാധ്യമപ്രവർത്തകനായ ശ്രീജൻ ബാലകൃഷ്ണൻ ഫേസ്‌ബുക്കിൽ പങ്കുവച്ച ഒരു സംഭവം ഇങ്ങനെ:

അല്പം മുൻപ് കോവളത്ത് നടന്നത്. വിദേശിയാണ്. താമസ സ്ഥലത്ത് ന്യൂ ഇയർ ആഘോഷിക്കാൻ ബിവറേജസിൽ നിന്ന് മദ്യം വാങ്ങിവരുന്നു. പൊലീസ് ബാഗ് പരിശോധിച്ചു. ബില്ല് ചോദിച്ചു. കടയിൽ നിന്ന് വാങ്ങിയില്ലെന്ന് പറയുന്നു. കൊണ്ടുപോകാൻ പറ്റില്ലെന്ന് പൊലീസ് ശഠിക്കുന്നു. മദ്യം അദ്ദേഹം കളയുന്നു. പ്ലാസ്റ്റിക് കുപ്പി വലിച്ചെറിയാതെ ബാഗിൽ ഇടുന്നു. കാമറ കണ്ടപ്പോൾ ബിൽ വാങ്ങിവന്നാൽ മതി കളയണ്ടെന്ന് പൊലീസ് പറയുന്നു. നിരപരാധിത്വം ബോധ്യപ്പെടുത്താൻ തിരികെ കടയിൽ പോയി ബില്ല് വാങ്ങി വരുന്നു ദൈവത്തിന്റെ സ്വന്തം നാട്ടിലെ അതിഥി.

കോവളത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ഓരോ ബാഗും തുറന്നു പരിശോധിക്കുകയാണ് പൊലീസ്. മദ്യം ഉള്ളവരെ തിരിച്ചുവിടുന്നു. Kerala Tourismപിരിച്ചുവിടുന്നതാവും നല്ലത്. സംരംഭകർക്ക് എത്രയും വേഗം വേറെ പണി നോക്കാമല്ലോ

പോസ്റ്റിനെ താഴെ വരുന്ന കമന്റുകളും ശ്രദ്ധേയമാണ്.

പുതുവർഷ ആഘോഷങ്ങൾക്ക് എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരിക്കെ അപ്രതീക്ഷിത നടപടികൾ വിനോദസഞ്ചാരമേഖലയ്ക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്. അടച്ചിടലിനുശേഷം തുറന്ന ടൂറിസംമേഖലയിൽ ഏറ്റവും ഉണർവും വരുമാനവും പ്രതീക്ഷിച്ചത് ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കാണ്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവന്നശേഷം ഹോട്ടലുകളിലും റിസോർട്ടുകളിലും പൂർണ ബുക്കിങ് നടന്നത് ഡിസംബർ 24, 25 തീയതികളിലും പുതുവത്സര ആഘോഷങ്ങൾക്കായി ചൊവ്വാഴ്ചമുതൽ ജനുവരി ഒന്നുവരെയുമാണ്.

ക്രിസ്മസ് കുഴപ്പമില്ലാതെ കടന്നുപോയി. പക്ഷേ പുതുവത്സര ആഘോഷത്തിന് മങ്ങലേൽക്കുന്നത് ടൂറിസത്തിനുണ്ടാക്കുന്ന നഷ്ടം ചെറുതല്ല. സർക്കാർ തീരുമാനം വന്നപ്പോൾത്തന്നെ ബുക്കിങ് റദ്ദാക്കിയെന്ന് ഹോട്ടലുകാർ പറയുന്നു.