കണ്ണൂർ: മോഷ്ടിച്ച മുതലുകൾ തിരിച്ചു നൽകി മാപ്പ് പറഞ്ഞ യുവാവിനെ പരിയാരം പൊലിസ് അറസ്റ്റു ചെയ്തു. മുല്ലക്കൊടി അരിമ്പ്രയിലെ മൂർ ഷിദിനെ (35)യാണ് പരിയാരം പൊലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം ജയിലിൽ നിന്നും പുറത്തിറങ്ങിയപ്പോഴാണ് പരിയാരം പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്.

്‌മോഷണമുതലുകൾ തിരിച്ചു നൽകി പൊലീസിന് പിടി കൊടുക്കാതെ നടന്നിരുന്ന പ്രതിയെ കഴിഞ്ഞ ഡിസംബർ മൂന്നിന് മണൽ കടത്ത് കേസിൽ പയ്യന്നൂർ പൊലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. റിമാൻഡ് കാലാവധി കഴിഞ്ഞ് ഇന്നലെ ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് പരിയാരം പൊലീസ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നിറങ്ങിയ ഉടൻ വീണ്ടും അറസ്റ്റു രേഖപെടുത്തിയത്.

കഴിഞ്ഞ നവംബർ രണ്ടിന് പരിയാരം ഗ്രാമ പഞ്ചായത്തംഗം അഷ്‌റഫ് കൊട്ടോലയുടെ വീട്ടിൽ 1,91,500 രൂപയും നാലര പവൻ സ്വർണാഭരണങ്ങളും 630 ഗ്രാം സ്വർണത്തരികളും മൂന്ന് കവറുകളിലാക്കി ഉപേക്ഷിക്കുകയും ഇതിനോടൊപ്പം മാപ്പപേക്ഷ നൽകുകയുമായിരുന്നു. മാസങ്ങളായി അരിപ്പാമ്പ്ര പ്രദേശത്ത് മോഷണം നടത്തിവന്നിരുന്ന ഇയാൾ ഒക്ടോബർ ഒന്നിനാണ് ഒരു മോഷണ ശ്രമത്തിനിടയിൽ സി.സി ടി.വി ക്യാമറയിൽ കുടുങ്ങിയത്.

നാട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു ചോദ്യം ചെയ്തുവെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. പരിയാരം പൊലിസിന്റെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച മൂർഷിദിനെയും കൊണ്ടു തെളിവെടുപ്പ് നടത്തി. ഇയാളെ വീണ്ടും കോടതിയിൽ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു.