ഇരിട്ടി: കർണാടകയുടെ തടസവാദം കാരണം കൂട്ടുപുഴ പാലത്തിന്റെ ഉദ്ഘാടനം മാറ്റി. ഇതോടെ കേരള - കർണാടക അന്തർ സംസ്ഥാന യാത്രക്കാർ കടുത്ത നിരാശയിലായി. നാലു വർഷത്തെ കാത്തിരിപ്പിനു ശേഷം :കേരള- കർണ്ണാടക സംസ്ഥാനാതിർത്തിയിൽ നിർമ്മാണം പൂർത്തിയായ കൂട്ടുപുഴ പാലം പുതുവർഷ ദിനത്തിൽ ഗതാഗതത്തിന് തുറന്നുകൊടുക്കില്ലെന്ന തീരുമാനം വൻ പ്രതിഷേധമുയർത്തിയിട്ടുണ്ട്.പുതുവത്സരദിനത്തിൽ നിശ്ചയിച്ചിരുന്ന ഉദ്ഘാനം മാറ്റിവെച്ചു. ഉദ്ഘാടന ചടങ്ങ് അറിയിച്ചില്ലെന്ന കർണാടകയുടെ പരാതിക്ക് പിന്നാലെയാണ് ചടങ്ങ് മാറ്റിവെച്ചതായി കെ.എസ്.ടി.പി അധികൃതർ അറിയിച്ചത്.

പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസിനെയാണ് കൂട്ടുപുഴപാലം ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചിരുന്നത്.കർണ്ണാടക വനംവകുപ്പധികൃതരുടെ തടസ്സ വാദം മൂലം മൂന്നു വർഷത്തോളം നിർമ്മാണം നിലച്ച പാലമാണ് ഇപ്പോൾ നിർമ്മാണം പൂർത്തിയാക്കിയെങ്കിലും തുറന്നു കൊടുക്കാൻ സജ്ജമായിരുന്നത്. പുതുവത്സരത്തിൽ തുറന്നുകൊടുക്കുമെന്നു പ്രതീക്ഷിച്ചിരുന്ന പാലം ഉദ്ഘാടനം മാറ്റിവെച്ചത് യാത്രക്കാരെ നിരാശയിലാഴ്‌ത്തിയിരിക്കുകയാണ്.

തലശ്ശേരി കുടക് സംസ്ഥാനാന്തര പാതയിൽ കേരള കർണാടക അതിർത്തിയിലെ കൂട്ടുപുഴ പാലം 2017 ഡിസംബർ 27നാണ് മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതം റേഞ്ചർ തടസ്സപ്പെടുത്തുന്നത്. പാലത്തിന്റെ മറുകര റോഡിൽ ചേരുന്ന ഭാഗം തങ്ങളുടെ ഭൂമിയിൽ പെട്ടതാണെന്ന വാദം ഉയർത്തിയാണ് തടസ്സം സൃഷ്ടിച്ചത്. ഇതിനോടകം 90 മീറ്റർ നീളമുള്ള പാലത്തിന്റെ രണ്ട് സ്പാൻ വാർപ്പ് കഴിഞ്ഞിരുന്നു.366 കോടി രൂപ ചെലവിൽ 7 പാലങ്ങൾ ഉൾപ്പെടെ പണിതു കൊണ്ടുള്ള തലശ്ശേരി വളവുപാറ റോഡ് നവീകരണ പദ്ധതിയിലാണ് കൂട്ടുപുഴ പാലവും യാഥാർത്ഥ്യമായത്.

കർണാടക സർക്കാരിലും നാഷണൽ വൈൽഡ് ലൈഫ് ബോർഡിലും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എംപവേഡ് കമ്മിറ്റിയിലും ഉൾപ്പെടെയായി കേരളം നടത്തിയ മൂന്നുവർഷത്തോളം നീണ്ട പരിശ്രമങ്ങൾക്ക് ഒടുവിലാണ് 2020 ഡിസംബർ 24ന് പണി വീണ്ടും ആരംഭിക്കാനുള്ള അനുമതി ലഭിച്ചത്. അഞ്ചു സ്പാൻ ഉള്ള പാലത്തിന്റെ മൂന്ന് സ്പാൻ വാർപ്പ് തുടർന്നാണ് പൂർത്തിയാക്കിയത്.

കെ എസ്ടിപി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന തലശ്ശേരി വളവുപാറ 53 കിലോമീറ്റർ പാതയിൽ പുതുതായി നിർമ്മിക്കുന്ന ഏഴ് വലിയ പാലങ്ങളിൽ ഒന്നാണ് കൂട്ടുപുഴ പാലം. ബാക്കി അഞ്ചു പാലങ്ങൾ നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുത്ത് കഴിഞ്ഞു. കൂട്ട് പുഴ പാലവും കൂടി തുറന്നുകൊടുക്കുന്നതോടെ ഈ പാതയിൽ ഇനി ശേഷിക്കുന്നത് എരഞ്ഞോളി പാലം മാത്രമാണ്. ഇതിന്റെയും പ്രവൃത്തി അവസാന ഘട്ടത്തിലാണ്.

1928ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച കൂട്ടുപുഴ പഴയ പാലം പൈതൃക പട്ടികയിൽ സംരക്ഷിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ടാറിങ് തകർന്ന് അപകടകരമായ രീതിയിലായിരുന്ന പഴയ പാലം പുതിയ പാലത്തിനൊപ്പം ഉപരിതല ടാറിങ് നടത്തി ഗതാഗതം സുഗമമാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്നും കർണാടകയിലേക്ക് പ്രതിദിനം നൂറുകണക്കിനാളുകളാണ് കർണാടകയിലേക്ക് പോയി വരുന്നത് ഇതുകൂടാതെ കർണാടകയിലെ പ്രധാന നഗരങ്ങളായ ബംഗ്‌ളൂര്, മൈസൂര്, വീരാജ് പേട്ട എന്നിവടങ്ങളിൽ നിന്നും പച്ചക്കറിയും മറ്റു വസ്തുക്കളും കൊണ്ടുവരുന്നത് ഇതിലൂടെയാണ്.ഒ മി ക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാക്കൂട്ടം ചുരം പാതയിലും നിയന്ത്രണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.