താനെ: താനെ ജില്ലയിലെ കൽവയിൽ അമ്പത് രൂപ കട്ടെടുത്തുവെന്നാരോപിച്ച് പത്തുവയസുകാരനായ മകനെ അച്ഛൻ മർദ്ദിച്ചു കൊലപ്പെടുത്തി. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. കൽവയിൽ, വഗോഭ നഗർ കോളനിയിലാണ് പ്രതി സന്ദീപ് ബബ്ലുവും കുടുംബവും താമസിക്കുന്നത്.

അമ്പത് രൂപ കട്ടെടുത്തെന്നാരോപിച്ച് നാൽപത്തിയൊന്നുകാരനായ സന്ദീപ് മകനെ മർദ്ദിക്കുകയായിരുന്നു. ക്രൂരമായ മർദ്ദനമേറ്റ ബാലൻ സ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. കോളനിയിലെ മറ്റ് താമസക്കാർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിയത്. തങ്ങൾ എത്തുമ്പോൾ ബാലൻ തറയിൽ അനക്കമറ്റ് കിടക്കുകയായിരുന്നുവെന്നാണ് പൊലീസ് അറിയിക്കുന്നത്.

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. മരിച്ച ബാലന്റെ സഹോദരി, സംഭവത്തിന്റെ ദൃക്സാക്ഷിയാണ്. സന്ദീപിന്റെ ഭാര്യ ഈ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. സന്ദീപിനെതിരെ കൽവ പൊലീസ് കൊലക്കുറ്റത്തിന് കേസ് ഫയൽ ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ വിശദാംശങ്ങൾ അന്വേഷിച്ച് വരികയാണ് നിലവിൽ പൊലീസ്.