- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജന്മനാ കാഴ്ചയില്ല; ഇന്ത്യയുടെ കുപ്പായത്തിൽ ക്രിക്കറ്റും ഫുട്ബോളും കളിച്ച് അനീഷ്
കൊച്ചി: ജന്മനാ കാഴ്ചയില്ലെങ്കിലും പുപ്പുലിയാണ് അനീഷ് എന്ന ചെറുപ്പക്കാരൻ. ഇന്ത്യയുടെ കുപ്പായത്തിൽ ക്രിക്കറ്റ് കളിച്ചും ഫുട്ബോൾ കളിച്ചും മറ്റുള്ളവർക്ക് പ്രചോദനമാവുകയാണ് ഈ യുവാവ്. രണ്ടു ഗെയിമുകളിൽ ഇന്ത്യക്കായി അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചെന്ന അപൂർവ റെക്കോഡും അനീഷ് സ്വന്തമാക്കി.
ഇരിങ്ങാലക്കുട കാറളത്തെ എം.എ. കുട്ടന്റെയും ലളിതയുടെയും മൂന്നുമക്കളിൽ ഇളയവനായ അനീഷ് (32) കീഴ്മാട് അന്ധവിദ്യാലയത്തിലാണ് പഠിച്ചത്. ക്രിക്കറ്റ് ജില്ലാ ടീമിലും സംസ്ഥാന ടീമിലുമെത്തിയ അനീഷിന് ഇന്ത്യൻ ടീമിലേക്കുള്ള വിളിക്കും അധികം കാത്തുനിൽക്കേണ്ടിവന്നില്ല. പാക്കിസ്ഥാനെതിരേ അവരുടെ നാട്ടിൽ രണ്ട് ഏകദിനങ്ങളിലും മൂന്ന് ടി-ട്വന്റിയിലും അനീഷ് ഇന്ത്യക്കായി കളിച്ചു.
ക്രിക്കറ്റിൽ വിജയക്കൊടി പാറിച്ച ശേഷമാണ് അനീഷ് ഫുട്ബോളിലേക്കു വരുന്നത്. ദേശീയ ചാമ്പ്യന്മാരായ കേരള ടീമിന്റെ ക്യാപ്റ്റനായ അനീഷ് വൈകാതെ ഇന്ത്യൻ ടീമിലുമെത്തി. മലേഷ്യ, ഹോങ്കോങ്, ജപ്പാൻ, ഒമാൻ എന്നിവിടങ്ങളിലൊക്കെ ഇന്ത്യക്കായി കളിച്ചു. കഴിഞ്ഞമാസം ഒമാനിലായിരുന്നു അനീഷ് ഇന്ത്യക്കായി ഒടുവിൽ കളിച്ചത്.
ക്രിക്കറ്റ് കളിക്കാൻ കാഴ്ചപരിമിതർക്കു സാധിക്കുമെങ്കിലും ഫുട്ബോളിനെ അങ്ങനെയല്ല കണ്ടതെന്നാണ് അനീഷ് പറയുന്നത്. ''കാഴ്ചയില്ലാത്തവർക്ക് ഫുട്ബോൾ കളിക്കാൻ പറ്റുമെന്നത് എനിക്കു വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. ബ്രസീലിൽ 600-ലേറെ ഫുട്ബോൾ ടീമുകൾ കാഴ്ചപരിമിതർക്കായിട്ടുണ്ടെന്ന കാര്യമൊക്കെ ചൂണ്ടിക്കാട്ടി സുനിൽ മാത്യു എന്ന കോച്ചാണ് എന്നിൽ ആത്മവിശ്വാസം പകർന്നത്.'' -അനീഷ് പറഞ്ഞു.
മഹാരാജാസ് കോളേജിൽനിന്ന് ബി.എ. ഹിസ്റ്ററി വിജയിച്ചശേഷം ഇടപ്പള്ളി ടി.ടി.ഐ.യിൽനിന്നു ഡി.എഡും നേടി. അതിനുശേഷം ഫിസിയോതെറാപ്പി കോഴ്സ് വിജയിച്ച് ഒരു സ്വകാര്യസ്ഥാപനത്തിൽ താത്കാലിക ജോലിയും ചെയ്തിരുന്നു. ഡിഗ്രിയും ഡി.എഡും ഒക്കെ നേടിയിട്ടും ഒരു സ്ഥിരം ജോലി ലഭിക്കാത്തതിന്റെ വിഷമവും അനീഷിനുണ്ട്.