അക്ഷരാർത്ഥത്തിൽ ഒരു തലവേദനതന്നെയാണ് ഈ മൈഗ്രെയ്ൻ എന്ന് പറയുന്നത്. എന്നാൽ, ഈ വെട്ടിപ്പൊളിക്കുന്ന തലവേദനയിൽ നിന്നും രക്ഷനേടാൻ ഇപ്പോൾ ഒരു വഴി തുറന്നിരിക്കുകയാണ്. കൈയിലോ, കാലിലോ, വയറിലോ നൽകുന്ന ഫെമാനെസുമാബ് എന്ന ഇൻജക്ഷന്റെ അളവ് വർദ്ധിപ്പിക്കാൻ ഇംഗ്ലണ്ടിലേയും വെയ്ൽസിലേയും ഡോക്ടർമാർ അനുമതി നൽകിയതിനെ തുടർന്നാണിത്.

കഴിഞ്ഞ കുറേ കാലങ്ങളായി മൈഗ്രെയ്ൻ ചികിത്സയിൽ വിപ്ലവകരമായ പരിവർത്തനങ്ങൾ വരുത്തിയ സി ജി ആർ പി ഇൻഹിബിറ്റേഴ്സ് എന്ന വിഭാഗത്തിൽ പെടുന്ന മരുന്നാണിത്. 1980 കൾക്ക് ശേഷം മൈഗ്രെയ്ൻ ചികിത്സയിൽ വന്ന വിപ്ലവകരമായ മാറ്റം എന്നാണ് ചിലർ ഈ മരുന്നുകളെ വിശേഷിപ്പിക്കുന്നത്. എന്നാൽ ഇതുവരെ ഈ മരുന്ന് നൽകിയിരുന്നത് ഗുരുതരമായ മൈഗ്രെയ്ൻ ബാധിച്ചവർക്ക് മാത്രമായിരുന്നു. അതായത് എല്ലാ മാസവും കുറഞ്ഞത് 15 ദിവസമെങ്കിലും മൈഗ്രെയ്ൻ മൂലം കഷ്ടപ്പെടുന്നവർക്ക് മാത്രമായിരുന്നു ഇതുവരെ ഇത് നൽകിയിരുന്നത്.

അതിനേക്കാൾ കുറവ് ദിവസങ്ങളിൽ മാത്രം മൈഗ്രെയ്ൻ അനുഭവിക്കുന്നവർ എപിസോഡിക് മൈഗ്രെയ്ൻ രോഗികൾ എന്ന വിഭാഗത്തിലായിരുന്നു ഉൾപ്പെട്ടിരുന്നത്. ഇവർക്ക് ഈ മരുന്ന് നൽകിയിരുന്നില്ല. സ്‌കോട്ട്ലാൻഡിലെ ഡോക്ടർമാർ 2020 മുതൽ തന്നെ ഈ വിഭാഗത്തിൽ പെടുന്നവർക്ക് ഈ മരുന്ന് നൽകി തുടങ്ങിയിരുന്നു. ഇപ്പോൾ ഇംഗ്ലണ്ടിലും വെയിൽസിലും അംഗീകാരമായിരിക്കുന്നു. നോർത്തേൺ അയർലൻഡ് പക്ഷെ ഇതുസംബന്ധിച്ച് ഒരു തീരുമാനം ഇതുവരെ എടുത്തിട്ടില്ല.

ഇപ്പോൾ നാഷണൽ ഇൻസ്റ്റിറ്റിയുട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്സലെൻസ് ഉത്തരവിറക്കിയിരിക്കുന്നത്, മാസത്തിൽ നാലോ അതിലധിക ദിവസങ്ങളോ മൈഗ്രെയ്ൻ മൂലം കഷ്ടപ്പെടുന്നവർക്കുംഈ മരുന്ന് നൽകാം എന്നാണ്. നിരവധി രോഗികളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഈ തീരുമാനത്തിനു കഴിയും എന്നാണ് ബ്രിട്ടനിലെ മൈഗ്രെയ്നു ചികിത്സിക്കുന്ന ഡോക്ടർമാരുടെ പൊതു അഭിപ്രായം.

മൈഗ്രെയ്ൻ മൂലം വർഷങ്ങളായി ജോലിക്ക് പോകാൻ കഴിയാതിരുന്നവർ ഈ ചികിത്സാ രീതിക്ക് ശേഷം ജോലിക്ക് പോകാൻ തുടങ്ങിയതായി ബക്കിങ്ഹാം ഷയറിലെ ഡോക്ടർമാർക്ക് പറയുന്നു.