ബെംഗളൂരു: കർണാടകയിൽ ക്രൈസ്തവ മതവിശ്വാസികൾക്ക് നേരെ വീണ്ടും ആക്രമണം. അഞ്ചംഗ കുടുംബത്തെയാണ് തീവ്രഹിന്ദുത്വ സംഘടനാ പ്രവർത്തകർ ആക്രമിച്ചത്. സ്ത്രീകളടക്കം നിരവധി പേർക്ക് പരിക്കേറ്റു.

പ്രാർത്ഥനാ ചടങ്ങെന്ന പേരിൽ അയൽക്കാരെ മതംമാറ്റുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ബെലഗാവിയിൽ വീട്ടിൽ നടന്ന പ്രാർത്ഥനാ ചടങ്ങ് തടഞ്ഞ ശേഷമയിരുന്നു ആക്രമണം.

തുക്കനാട്ടി ഗ്രാമത്തിൽ ചെരുപ്പുനിർമ്മാണ തൊഴിലാളിയായ അക്ഷയുടെ വീട്ടിലായിരുന്നു സംഭവം. ദളിത് വിഭാഗത്തിൽ നിന്ന് ക്രിസ്ത്യൻ മതം സ്വീകരിച്ചവരാണിവർ. സമീപവാസികളെയും ക്രൈസ്തവ മതത്തിൽ ചേരാൻ നിർബന്ധിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

സ്ത്രീകളടക്കമുള്ളവർക്ക് പരിക്കേറ്റു. ചിലരുടെ സാരി അടക്കം വലിച്ചുകീറി. പ്രാർത്ഥനയ്ക്ക് ശേഷം കഴിക്കാൻ വച്ചിരുന്ന ഭക്ഷണവും അക്രമികൾ തട്ടികളഞ്ഞു. ചൂടുകറി വീണ് ഒരു സ്ത്രീക്ക് പൊള്ളലേറ്റു.

കുടുംബത്തിന്റെ പരാതിയിൽ തീവ്രഹിന്ദുസംഘടനാ പ്രവർത്തകരായ ഏഴ് പേർക്ക് എതിരെ പൊലീസ് കേസെടുത്തു. ദിവസങ്ങൾക്ക് മുമ്പാണ് തുമക്കൂരുവിൽ ദളിത് കുടുംബത്തിന്റെ ക്രിസ്തുമസ് ഘോഷം തടഞ്ഞത്.

മാണ്ഡ്യയിൽ മിഷനിറി സ്‌കൂളിൽ നടന്ന ക്രിസ്തുമസ് ആഘോഷപരിപാടികൾ തീവ്ര ഹിന്ദുസംഘടനകൾ തടഞ്ഞിരുന്നു. മതപരിവർത്തന നിരോധന ബില്ലിന് പിന്നാലെ തുടർച്ചയായുണ്ടാകുന്ന സംഭവങ്ങൾക്ക് എതിരെ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്ന് ക്രൈസ്തവ സംഘടനകൾ വ്യക്തമാക്കി.