കൊച്ചി: കോൺഗ്രസ് തകർന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടാകുന്ന ശൂന്യത നികത്താൻ ഇടത് പക്ഷത്തിനു കഴിയില്ലെന്ന് സിപിഐ നേതാവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വം. ഇടത് പക്ഷത്തിനു അതിനുള്ള കെൽപ് ഇല്ല. അതുകൊണ്ട് കോൺഗ്രസ് തകർന്നു പോകരുത് എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ പി ടി തോമസ് അനുസ്മരണത്തിൽ ആയിരുന്നു ബിനോയ് വിശ്വത്തിന്റെ പരാമർശം.

കോൺഗ്രസ് രാഷ്ട്രീയത്തിന്റെ കാതൽ നെഹ്റുവിന്റെ രാഷ്ട്രീയം ആയിരുന്നു. ഇതിൽ കോൺഗ്രസ് പാർട്ടിക്ക് അപചയം ഉണ്ടായി. കോൺഗ്രസുമായി തനിക്ക് വിയോജിപ്പുണ്ട്. എന്നാൽ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് തകർന്നാൽ ഉണ്ടാകുന്ന ശൂന്യത ഉണ്ട്. കോൺഗ്രസ്സിന് മാത്രമേ ആ ശൂന്യത നികത്താൻ കഴിയുകയുള്ളൂ എന്നും ബിനോയ് വിശ്വം പറഞ്ഞു.

കോൺഗ്രസ് തകരുന്നിടത്ത് ആർ.എസ്.എസ്. സംഘടനകൾ ഇടംപിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ, ബിജെപി.-ആർ.എസ്.എസ്. സംഘടനകൾ ഉയർത്തുന്ന വെല്ലുവിളിക്കു മുന്നിൽ കോൺഗ്രസ് തകർന്നാലുണ്ടാകാൻ പോകുന്ന ശൂന്യതയേപ്പറ്റി ബോധ്യമുള്ള ഇടതുപക്ഷക്കാരാണ് ഞങ്ങൾ. അതുകൊണ്ട് പറയുകയാണ്, കേരളത്തിലെ തർക്കങ്ങളെല്ലാം ഇരിക്കത്തന്നെ ഞാൻ പറയുന്നു- കോൺഗ്രസ് തകർന്നാൽ ആ തകർച്ചയുടെ ശൂന്യത നികത്താനുള്ള കെൽപ് ഇന്ന് ഇന്ത്യയിൽ ഇടതുപക്ഷത്തിനില്ല. ആ ശൂന്യത നികത്താനിടയുള്ളത് സംഘപരിവാറും അതിന്റെ ഫാസിസ്റ്റ് ആശയങ്ങളുമായിരിക്കും. അത് ഒഴിവാക്കണമെങ്കിൽ നെഹ്റുവിനെ ഓർത്തുകൊണ്ട് കോൺഗ്രസ് തകരാതിരിക്കാൻ ശ്രമിക്കണമെന്നാണ് ഞാൻ ചിന്തിക്കുന്നത്, എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ വാക്കുകൾ.

സിപിഐയുടെ രാഷ്ട്രീയ നിലപാടിന് അനുസൃതമായ സമീപനം തന്നെയാണ് പാർട്ടി ദേശീയ സെക്രട്ടേറിയേറ്റ് അംഗം കൂടിയായ ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തിലുള്ളത്. 1964-ൽ പിളർപ്പുണ്ടാകുന്ന കാലത്തും സിപിഐയ്ക്ക് കോൺഗ്രസിനോട് മൃദുസമീപനമായിരുന്നു ഉണ്ടായിരുന്നത്. ബിജെപിയുടെ വളർച്ചയുടെ ഘട്ടത്തിൽ കോൺഗ്രസിനെ അവഗണിച്ചു കൊണ്ട് ദേശീയതലത്തിൽ ഒരു ബദൽ ഉണ്ടാക്കാനാവുമെന്ന് സിപിഐ. കരുതുന്നില്ല.

എന്നാൽ ഇക്കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായമാണ് സിപിഎമ്മിനുള്ളത്. കോൺഗ്രസുമായുള്ള സഹകരണം സംബന്ധിച്ച് 22-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി തയ്യാറാക്കിയ കരട് രാഷ്ട്രീയ പ്രമേയത്തിൽ വലിയ ചർച്ച സിപിഎമ്മിൽ നടന്നിരുന്നു. 23-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടന്ന കരട് രാഷ്ട്രീയ പ്രമേയ രൂപവത്കരണ ചർച്ചയിലും സിപിഎമ്മിനുള്ളിൽ ഈ വിഷയത്തെ കുറിച്ചുള്ള ചർച്ചകൾ ഉടലെടുത്തിട്ടുണ്ട്.

ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തിനു പിന്നിൽ സംഘടനാപരമായ ചില കാരണങ്ങൾ കൂടിയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തിൽ സിപിഎമ്മിന്റെ ബി ടീം ആയി സിപിഐ. മാറിയെന്നൊരു വിമർശനം പാർട്ടിക്കുള്ളിൽ വളരെ ശക്തമാണ്. എല്ലാക്കാര്യങ്ങളിലും സിപിഎമ്മിന് ഒപ്പം നീങ്ങുന്ന നേതൃത്വമാണ് എന്ന വിമർശനവും പാർട്ടിക്കകത്ത് സജീവമാണ്. ഈ ഘട്ടത്തിൽ, എല്ലാക്കാര്യങ്ങളിലും സിപിഎമ്മിന് ഒപ്പമല്ല തങ്ങളുടെ നിലപാട് എന്നതാണ്  ബിനോയ് വിശ്വത്തിന്റെ കോൺഗ്രസ് അനുകൂല പ്രതികരണത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ.