- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതു ഭരണത്തിൽ നടക്കുന്നത് സംഘ്പരിവാർ പൊലീസ് വേട്ട; മുഖ്യമന്ത്രി മറുപടി പറയണം:ഹമീദ് വാണിയമ്പലം

കണ്ണൂർ: ഇടതു മുന്നണിഭരണത്തിൽ കേരളത്തിൽ സംഘ്പരിവാറിന്റെ പൊലീസ് വേട്ടയാണ് നടക്കുന്നതെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന് വ്യക്തമായ മറുപടി നൽകണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു നോർത്ത് മലബാർ കണ്ണൂർ ചേംബർ ഓഫ് കൊമേഴ്‌സ്ഹാളിൽ ജില്ലയുടെ വിവിധ മേഖലകളിൽ നിന്ന് വെൽഫെയർ പാർട്ടിയിൽ പുതുതായി ചേർന്ന 100ലധികം പേർക്ക് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യമാധ്യമങ്ങളിൽ ആർ.എസ്.എസിനെ വിമർശിക്കുന്നവരുടെ വീടുകളിലെത്തി മൊബൈലും ലാപ്‌ടോപ്പും പിടിച്ചെടുക്കുകയും മതസ്പർദ്ധവളർത്തുന്നുവെന്ന പേരിൽ കേസെടുക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ അത്തരം നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആർ.എസ്.എസിനെ വിമർശിക്കുന്നതെങ്ങനെയാണ് മതസ്പർദ്ധയാകുകയെന്ന് ആഭ്യന്തര വകുപ്പ് വിശദമാക്കണമെന്നും അദ്ദേഹം ചോദിച്ചു.
കെ.സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കൾ അത്യന്തം അപകടകരമായ വംശീയ വിദ്വേഷവും മത വിദ്വേഷവും ആളിക്കത്തിക്കുന്ന പ്രസ്താവനകളും കലാപാഹ്വാനങ്ങളും നടത്തുമ്പോൾ കാണാത്ത ഭാവം നടക്കുന്ന പൊലീസ് മുസ്ലിം ചെറുപ്പക്കാരെ വേട്ടയാടുകയാണ്. സംഘടിത ക്രിമിനൽ പ്രവർത്തനങ്ങൾ തടയാനെന്ന പേരിയ കേരള പൊലീസ് ആരംഭിച്ച കാവൽ എന്ന പുതിയ വിഭാഗമാകട്ടെ നാട്ടിലെ പരിസ്ഥിതി പ്രശ്‌നങ്ങളിലും ജനകീയ പ്രക്ഷോഭങ്ങളിലും പങ്കെടുക്കുന്നവരെയും പൗരാവകാശ പ്രവർത്തകരെയും വേട്ടയാടുന്നു. അവരുടെ കുടുംബാംഗങ്ങളെപ്പോലും വെറുതെ വിടുന്നില്ല.
ക്രമസമാധാനം തകർന്ന കേരളത്തിൽ ഗുണ്ടാ സംഘങ്ങളുടെ ആക്രമണ പ്രത്യാക്രമണങ്ങൾ തെരുവിൽ നടക്കുമ്പോഴാണ് പൊലീസ് ഇത്തരത്തിൽ മനുഷ്യാവകാശ പ്രവർത്തകരെ വേട്ടയാടുന്നത്. കേരളം ഫാസിസത്തിന് ഏറ്റവും അനുയോജ്യമായ മണ്ണായി ഒരുക്കികൊടുക്കുന്ന മേസ്തിരിപ്പണിയാണ് പിണറായി സർക്കാർ ചെയ്യുന്നത്. ജനാധിപത്യ ശക്തികളെയും മതനിരപേക്ഷ ശക്തികളെയും മനുഷ്യാകാശ പ്രവർത്തകരയും ഉൾക്കൊള്ളിച്ച വിശാല സഖ്യം കേരളത്തിൽ അനുപേക്ഷണീയമാണെന്നും വെൽഫെയർ പാർട്ടി അത്തരമൊരു സാമൂഹ്യ ഇടപടലുകളാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വീകരണസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പള്ളിപ്രം പ്രസന്നൻ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സ്വാദിഖ് ഉളിയിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജെബിന നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ടി കെ മുഹമ്മദലി, ചന്ദ്രൻ മാസ്റ്റർ, ജില്ലാ സെക്രട്ടറിമാരായ മുഹമ്മദ് ഇംതിയാസ്, ഇല്യാസ് ടി പി., ജില്ലാ കമ്മിറ്റി അംഗം നാണി ടീച്ചർ, എഫ് ഐ ടി യു ജില്ലാ പ്രസിഡണ്ട് സാജിദ് കോമത്ത്, കെ എസ് ടി എം സംസ്ഥാന സെക്രട്ടറി രഹന ടീച്ചർ, വിമൻ ജസ്റ്റിസ് ജില്ലാസെക്രട്ടറി ലില്ലി ജെയിംസ്, ഫ്രട്ടേണിറ്റി ജില്ലാ പ്രസിഡന്റ് ലൂബൈബ്ബ് ബഷീർ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.ജില്ലാ സെക്രട്ടറി സികെ മുനവ്വിർ സമാപന പ്രസംഗം നടത്തി.


