- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഞാൻ തീർത്തും പറയട്ടെ, മുസ്ലിം ലീഗ് സമസ്തയുടെ പാർട്ടിയാണ്; സമസ്ത മുസ്ലിം ലീഗിന്റേതാണ്,'; സമസ്തയുടെ സമ്മേളന വേദിയിൽ തുറന്നുപറഞ്ഞ് എം ടി. അബ്ദുല്ല മുസ്ലിയാർ; എല്ലാ രാഷ്ട്രീയക്കാരും സമസ്തയിലുണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ
മലപ്പുറം: മുസ്ലിം ലീഗ് സമസ്തയുടേതും, സമസ്ത മുസ്ലിം ലീഗിന്റേതുമാണെന്ന് വ്യക്തമാക്കി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം ടി. അബ്ദുല്ല മുസ്ലിയാർ. സമസ്തയുടെ മലപ്പുറം ജില്ല സുവർണ ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞാൻ തീർത്തും പറയട്ടെ മുസ്ലിം ലീഗ് സമസ്തയുടേതാണ്, കാരണം ലീഗിലുള്ള ബഹുഭൂരിഭാഗം ആളുകളും സമസ്തയിലുള്ള ആളുകളാണ്. ഒരു സംഘടനയാവട്ടെ, ഓഫീസാകട്ടെ അവടെയുള്ള കൂടുതൽ ആളുകൾ ഏതിലേതാണോ അവരുടേതാണത്. ആ അർഥത്തിൽ ലീഗ് സമസ്തയുടെ പാർട്ടിയാണ്. സമസ്ത മുസ്ലിം ലീഗിന്റേതാണ്,' എം ടി. അബ്ദുല്ല മുസ്ലിയാർ പറഞ്ഞു.
വേദിയിലിരിക്കുന്ന കുഞ്ഞാലിക്കുട്ടി, സമദാനി എന്നിവരെല്ലാം സമസ്തയുടെ അനുഭാവികളാണ്. ലീഗ് നേതാക്കൾ സമസ്തയുടെ പരിപാടികളിൽ പങ്കെടുത്ത സന്തോഷം പുങ്കിടുന്നുവരാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ സംഘടനകളിൽ ചിലതുമായി സമസ്തയ്ക്ക് ശക്തമായ ബന്ധമുണ്ടെന്ന് അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ സമ്മേളനത്തിൽ പറഞ്ഞു. ഓരോ രാഷ്ട്രീയ പാർട്ടികളും വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. എന്നാലത് സമസ്തയുടെ ലക്ഷ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
സമസ്തയുടെ പ്രവർത്തകർ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുമ്പോഴും ഒന്നാം സ്ഥാനം നൽകേണ്ടത് സംഘടനക്കാണ്. സമസ്ത രാഷ്ട്രീയ പാർട്ടികളുമായി കാലാകാലം തടരുന്ന ബന്ധം ഇന്നും തുടർന്നുപോകുന്നുണ്ട്. അതിന് ഇതുവരെ ഒരു കോട്ടവും ഏറ്റിട്ടില്ല. അങ്ങനെ ആര് വിചാരിച്ചാലും നടക്കുകയുമില്ല. നിലവിലെ സ്ഥിതി തിരുത്തേണ്ട ഒരു കാരണവും ഇപ്പോൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയും സമദാനിയുമൊക്കെ സമസ്തയുടെ പരിപാടിയിൽ പങ്കെടുക്കുന്നത് അവർ സുന്നികളായതുകൊണ്ടാണ്. ഇതൊരു സൗഹൃദ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.എല്ലാ രാഷ്ട്രീയക്കാരും സമസ്തയിലുണ്ട്. ഭരിക്കുന്ന സർക്കാരുമായി സഹകരിച്ചുപോവുകയെന്നതാണ് സമസ്തയുടെ നിലപാട്. എന്നാൽ എതിർക്കേണ്ട കാര്യങ്ങളിൽ സർക്കാരുകളെ എതിർത്ത പാരമ്പര്യവും സമസ്തയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'സമസ്തയിൽ പ്രവർത്തിക്കുന്നവരിൽ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും ഉണ്ട്. അതിൽ അധികമുള്ളത് വേദിയിലുള്ള കുഞ്ഞാലിക്കുട്ടി സാഹിബ് നയിക്കുന്ന മുസ്ലിം ലീഗാണ്. ലീഗിൽ തന്നെ എല്ലാ വിഭാഗം ആളുകളും ഉണ്ടല്ലോ. മുജാഹിദ് വിഭാഗക്കാരും ലീഗിലുണ്ട്. അതുപോലെ കോൺഗ്രസുകാരും മറ്റ് പാർട്ടിക്കാരും സമസ്തയിലുണ്ട്,' ജിഫ്രി തങ്ങൾ പറഞ്ഞു.
വധഭീഷണിയിൽ ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയും താൻ പരാതി നൽകിയിട്ടില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. തനിക്കെതിരെയുള്ള ആക്ഷേപങ്ങൾക്ക് പുല്ലു വിലയാണ് കൽപ്പിക്കുന്നത്. വധഭീഷണി എന്നൊന്നും താൻ ആരോടും പറഞ്ഞിട്ടില്ല. തനിക്കെതിരെ ആരും വധ ഭീഷണി നടത്തിയിട്ടുമില്ല. ഒരു പ്രസംഗത്തിൽ കുട്ടികളോട് തനിക്കുണ്ടായ അനുഭവം പങ്കുവെക്കുക മാത്രമാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ