ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ അതിവേഗം ഉയരുന്നു. പ്രതിദിന രോഗികളുടെ എണ്ണം കാല് ലക്ഷം കടന്നതോടെ മൂന്നാം തരംഗത്തിന്റെ സൂചനകൾ വ്യക്തമാവുകയാണ്. ഇന്നലെ 28458 പേർക്കാണ് പുതുതായി കോവിഡ് റിപ്പോർട്ട് ചെയ്തത്. 1525 പേർക്ക് ഒമിക്രോണഉം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് നാമമാത്രമായി മാറിയിരുന്ന ഡൽഹിയിലും മഹാരാഷ്ട്രയിലുമെല്ലാം കോവിഡ് കുതിച്ചുയർന്നതോടെ സർക്കാർ ആശങ്കയിലാണ്.

ഹ്രസ്വകാലം നീണ്ടു നിൽക്കുന്ന കോവിഡ് തരംഗം ഇന്ത്യയിൽ ഉടനെ തന്നെ ഉണ്ടായേക്കാമെന്ന കേംബ്രിജ് സർവകലാശാല വികസിപ്പിച്ച കൊറോണ വൈറസ് ട്രാക്കർ പ്രവചിച്ചിരുന്നു. മെയ്‌ മാസത്തിൽ ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം മൂർധന്യത്തിലെത്തുമെന്നും ഈ ട്രാക്കർ സംവിധാനം കൃത്യമായി പ്രവചിച്ചിരുന്നു. ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ സ്‌ഫോടനാത്മക വളർച്ചയുണ്ടാകുമെന്നും എന്നാൽ അതിതീവ്ര വളർച്ചയുടെ ഘട്ടം ഹ്രസ്വമായിരിക്കുമെന്നും കേംബ്രിജ് സർവകലാശാലയിലെ ജഡ്ജ് ബിസിനസ്സ് സ്‌കൂൾ പ്രഫസർ പോൾ കട്ടുമാൻ പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽ, മിക്കവാറും ഈ ആഴ്ചയ്ക്കുള്ളിൽ തന്നെ പുതിയ അണുബാധകളുടെ എണ്ണം ഉയരാൻ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3194 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഡൽഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.59 ശതമാനമായി ഉയർന്നു. നിലവിൽ 6,360 പേരാണ് ഡൽഹിയിൽ ചികിത്സയിലുള്ളത്. കണ്ടെയ്ന്മെന്റ് സോണുകളുടെ എണ്ണം 1621 ആയി. കണ്ടെയ്ന്മെന്റ് സോണുകളുടെ എണ്ണം 3,000 കടക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞിരുന്നു.

കേസുകൾ കൂടുന്നുണ്ടെങ്കിലും ആശുപത്രികളിൽ കിടക്കകൾ ഒഴിവുള്ളതിനാൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ കണക്കുപ്രകാരം ആശുപത്രികളിലെ 9024 കിടക്കകളിൽ 8717 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. കോവിഡ് കെയർ സെന്ററുകളിൽ 3996 കിടക്കകൾ ഒഴിവുണ്ട്. 4759 രോഗികൾ ഹോം ഐസലേഷനിലാണ്. ഡൽഹിയിൽ നാലു പേരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. ഓക്‌സിജൻ സഹായം ആവശ്യമുള്ള 94 പേരുണ്ട്. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നഗരത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 11,877 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ മഹാരാഷ്ട്രയിൽ 42,024 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ 29,819 പേർ മുംബൈയിലാണ്. പുതിയതായി 50 ഓമിക്രോൺ കേസുകളും സംസ്ഥാനത്ത് സ്ഥിരീകരിച്ചു. ഇതിൽ കൂടുതലും പുണെയിലാണ്. മുംബൈയിലും കോവിഡ് കേസുകളിൽ വൻ വർധനയാണ് ഉണ്ടാകുന്നത്. ഞായറാഴ്ച മാത്രം 8,036 കോവിഡ് കേസുകളാണു മുംബൈയിൽ രജിസ്റ്റർ ചെയ്തത്. ശനിയാഴ്ച ഇത് 6,347 ആയിരുന്നു. നിലവിൽ 29,819 പേരാണ് മുംബൈയിൽ കോവിഡ് പോസിറ്റീവായുള്ളത്.

അതേസമയം, ഡൽഹിയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 97.21 ലക്ഷം രൂപ പിഴ ചുമത്തി. 61 എഫ്.ഐ.ആറുകളും ഫയൽ ചെയ്തു. ഡൽഹിയിൽ മുഴുവൻ ജില്ലകളിലും കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.കോവിഡ് സാഹചര്യം മുൻനിർത്തി തെലങ്കാനയിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. സംസ്ഥാനത്തെ പൊതുയോഗങ്ങൾ നിരോധിച്ചു, കടകളിലും ഓഫീസുകളിലും മാസ്‌കുകൾ കർശനമാക്കി. സ്‌കൂളുകളിലും സ്ഥാപനങ്ങളുലും കോവിഡ് മുൻ കരുതലുകൾ കർശനമാക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു. മാസ്‌ക് ധരിക്കാത്തവർക്ക് 1000 രൂപ പിഴയീടാക്കും. ഹരിയാനയിൽ കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ നിലവിൽ വന്നു. കോവിഡ് കേസുകൾ കൂടിയ ജില്ലകളിൽ വൈകീട്ട് അഞ്ചിന് ശേഷം മാർക്കറ്റുകളും മാളുകളും അടച്ചിടും. റെസ്റ്റോറന്റുകളിൽ പ്രവേശനം രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായും പരിമിതപ്പെടുത്തി.

അതിനിടെ, കോവിഡ് വ്യാപനത്തിൽ ഡൽഹിയെ കുറ്റപ്പെടുത്തി പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിങ് ഛന്നി രംഗത്ത്വന്നു. കോവിഡ് കൈകാര്യം ചെയ്യുന്നതിൽ ഡൽഹി മാതൃക പൂർണ്ണ പരാജയമായിരുന്നുവെന്നും ഒട്ടേറേ പേർ ഡൽഹിയിൽ നിന്ന് ചികിത്സക്ക് പഞ്ചാബിൽ എത്തിയെന്നും ചരൺജീത് സിങ് ഛന്നി പറഞ്ഞു. അരവിന്ദ് കെജ്രിവാൾ വ്യാജ വാഗ്ദാനങ്ങൾ നടത്തുകയാണെന്നും ഛന്നി കുറ്റപ്പെടുത്തി.