- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സകല സ്ഥാപനങ്ങളും അടച്ചു പൂട്ടി അളുകളെ വീട്ടിലിരുത്തി നെതർലൻഡ്സ്; പ്രതിഷേധത്തോടെ ആയിരങ്ങൾ തെരുവിലേക്ക്; ലാത്തിചാർജ്ജ് നടത്തിയും പൊലീസ് നായയെ കൊണ്ട് ഓടിച്ചിട്ടു കടിച്ചു വീഴ്ത്തിയും സർക്കാർ; കോവിഡിൽ ഡച്ച് പൊലീസിന്റെ സമാനതകളില്ലാത്ത പ്രതിരോധക്കാഴ്ച്ചകൾ
ബാറുകളും, റെസ്റ്റോറന്റുകളും അത്യാവശ്യമല്ലാത്ത സാധനങ്ങൾ വിൽക്കുന്ന കടകളുമൊക്കെ അടച്ചുപൂട്ടിയ കടുത്ത ലോക്ക്ഡൗൺ നിലനിൽക്കുന്ന നെതർലാൻഡ്സിൽ ലോക്ക്ഡൗണിനെതിരെ പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിലേക്ക്. ലോക്ക്ഡൗണിനെതിരെയും വാക്സിനേഷൻ പദ്ധതിക്കെതിരെയും പ്രതിഷേധവുമായി ആംസ്റ്റർഡാമിലെ തെരുവിലിറങ്ങിയ ആയിരങ്ങളെ പിരിച്ചുവിടാൻ റയട്ട് പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. പ്രതിഷേധങ്ങൾ നിയമവിരുദ്ധമാക്കിക്കൊണ്ട് തദ്ദേശീയ ഭരണകൂടം ഉത്തരവിറക്കിയതിനു തൊട്ടുപിന്നാലെയായിരുന്നു മസ്‌കുകൾ ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ആയിരങ്ങൾ പ്രതിഷേധത്തിനായി ഒത്തുകൂടിയത്.
ലാത്തിച്ചാർജ്ജിനെതിരെ പൊലീസ് നായ്ക്കളേയും പ്രതിഷേധക്കാരെ തുരത്താൻ പൊലീസ് ഉപയോഗിച്ചു. പ്രതിഷേധക്കാരിലൊരാൾ കൈയിൽ നായയുടെ കടിയേറ്റ് ഓടുന്ന വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റ സംഘർഷത്തിനെ തുടർന്ന് 30 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. കഴിഞ്ഞ നവംബറിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം നെതർലൻഡ്സിലെ കോവിഡ് വ്യാപന നിരക്ക് സാവധാനം കുറഞ്ഞുവരികയാണ്. ഇക്കഴിഞ്ഞ ഉത്സവകാലത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുകയും ചെയ്തു.
പ്രതിവാര ശരാശരിയിൽ കഴിഞ്ഞയാഴ്‌ച്ച ചെറിയൊരു കുറവ് ഉണ്ടായിട്ടുണ്ട്. നിലവിൽ 1 ലക്ഷം പേരിൽ 85.55 കോവിഡ് രോഗികൾ എന്നതാണ് നെതർലൻഡ്സിലെ സ്ഥിതി. രാജ്യത്ത് ഇപ്പോൾ ഏറെ വ്യാപിക്കുന്ന വകഭേദമായി ഓമിക്രോൺ മാറിയിട്ടും, രോഗവ്യാപന നിരക്കിൽ കുറവുണ്ടാകുന്നുണ്ട് എന്നത് വലിയൊരു നേട്ടമായി തന്നെയാണ് ഈ രംഗത്തെ വിദഗ്ദർ എടുത്തുകാട്ടുന്നത്. അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴിച്ചുള്ളവയെല്ലാം ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്.
അടച്ചുപൂട്ടലിലെതിരെ പ്രതിഷേധവുമായി എത്തിയ ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ സെൻട്രൽ മ്യുസിയം ചത്വരത്തിൽ പൊലീസിന് ലാത്തിച്ചാർജ്ജ് നടത്തേണ്ടതായി വന്നു. പാട്ടുകൾ പാടിയും മുദ്രാവാക്യം മുഴക്കിയും, പ്രതിഷേധ സൂചകമായി മഞ്ഞക്കുടകൾ ഏന്തിയും എത്തിയ പ്രതിഷേധക്കാരെ ചത്വരത്തിലെ പുൽത്തകിടിയിൽ നിന്നും പൊലീസ് പുറത്താക്കുകയായിരുന്നു. ആളുകൾ പിരിഞ്ഞുപോകണമെന്ന് തദ്ദേശീയ ഭരണകൂടം ഉത്തരവിറക്കിയതിനെ തുടർന്നായിരുന്നു ഇത്.
സെൻട്രൽ മ്യുസിയം ചത്വരത്തെ സുരക്ഷാ ഭീഷണിയുള്ള പ്രദേശമായി മുൻസിപ്പാലിറ്റി പ്രഖ്യാപിച്ചതിനെ തുടർന്ന് അവിടെ കനത്ത പൊലീസ് കാവലുണ്ടായിരുന്നു. കൂട്ടംകൂടുന്നവരെ തടയുവാൻ എന്തും ചെയ്യുവാനുള്ള അനുവാദവും അധികാരവും പൊലീസിന് നൽകുകയും ചെയ്തിരുന്നു. പൊലീസ് ഇടപെടുന്നതിനു മുൻപായി വാൻഗോഗ് മ്യുസിയത്തിനു സമീപത്ത് ചില പ്രതിഷേധക്കാർ'' കുറച്ച് അടിച്ചമർത്തൽ കൂടുതൽ കരുതൽ'' എന്നെഴുതിയ ബാനർ സ്ഥാപിച്ചു. മാസ്‌കുകൾ ധരിച്ചെത്തിയ മറ്റൊരു സംഘം പ്രതിഷേധക്കാർ, ''വൈറാസിനെതിരെയല്ല, നിയന്ത്രണങ്ങൾക്ക് എതിരെ, സ്വാതന്ത്ര്യത്തിനു വേണ്ടി'' എന്നെഴുതിയ ബാനറും സ്ഥാപിച്ചു.
ആംസ്റ്റർഡം നഗരത്തിലൂടെ പ്രതിഷേധ പ്രകടനമായി നീങ്ങിയ ആളുകൾ പിന്നീട് പടിഞ്ഞാറൻ ആംസ്റ്റർഡാമിലെ പാർക്കിൽ ഡെമൊക്രസി പാർട്ടിയുടെ പ്രതിഷേധത്തിനായി ഒത്തുകൂടി. ഡിസംബർ 19 നായിരുന്നു കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വന്നത്. കുറഞ്ഞത് ജനുവരി 14 വരെയെങ്കിലും ഇത് നിലനിൽക്കും. പുതിയ നിയന്ത്രണൾക്ക് കീഴിൽ രണ്ടിലധികം പേർ ഒത്തുകൂടുന്നതുപോലും നിരോധിച്ചിരിക്കുകയാണ്. നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നതിനു ശേഷം കോവിഡ് വ്യാപന നിരക്ക് കുറയുന്നുണ്ട് എന്നത് ഒരു വസ്തുതതന്നെയാണ്.
മറുനാടന് മലയാളി ബ്യൂറോ