- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുതിയ രോഗികളുടെ എണ്ണത്തിലും മരണ നിരക്കിലും ഗണ്യമായ കുറവ്; ലണ്ടനിലെ ഓമിക്രോൺ പീക്ക് മുൻപേ കഴിഞ്ഞെന്ന് തോന്നുന്ന തരത്തിൽ ഭേദപ്പെടൽ; ബ്രിട്ടനെ വിഴുങ്ങുമെന്ന് കരുതിയ ഓമിക്രോൺ നാട് വിടാൻ തുടങ്ങിയെന്ന് പ്രതീക്ഷ
ബ്രിട്ടനിലെ കോവിഡ് വ്യാപനനിരക്ക് ഇന്നലെയും വർദ്ധിച്ചുവെങ്കിലും, വർദ്ധനയുടെ തോതിൽ ഗണ്യമായ കുറവുണ്ടായിരിക്കുന്നു. കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നലെ രോഗവ്യാപനതോതിൽ ഉണ്ടായത് 15 ശതമാനത്തിന്റെ വർദ്ധനവ് മാത്രമായിരുന്നു. അതേസമയം മരണനിരക്ക് കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 23 ശതമാനം കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, തുടർച്ചയായ പന്ത്രണ്ടാം ദിവസവും പ്രതിദിന രോഗബാധിതരുടെ എണ്ണം 1 ലക്ഷത്തിനു മുകളിൽ തന്നെ നിൽക്കുന്നത് ചെറിയൊരു ആശങ്ക പരത്തുന്നുണ്ട്.
അതിനിടയിൽ 10 ശതമാനത്തോളം ജീവനക്കാർ കോവിഡ് ബാധിച്ച് ശുശ്രൂഷയിലാണെന്ന് വിവരവുമായി എൻ എച്ച് എസ് രംഗത്തെത്തി. ഇത് ആരോഗ്യപരിപാലനരംഗത്ത് സമ്മർദ്ദം ഏറ്റുമെന്നത് ഉറപ്പായിരിക്കുകയാണ്. എന്നിരുന്നാൽ പോലും ഇനി കൂടുതൽ നിയന്ത്രണങ്ങൾ ഒന്നും ആവശ്യമില്ലെന്നാണ് സർക്കാരിന്റെ പൊതുവേയുള്ള വിലയിരുത്തൽ. നിലവിലെ പ്ലാൻ ബി ഫലം കാണുന്നുണ്ട് എന്ന് കരുതപ്പെടുന്നു. അതിനിടയിൽ സ്‌കൂളിൽ എത്തി സ്‌കൂൾ വിട്ട് പോകുന്നതുവരെ മാസ്‌ക് നിർബന്ധമായും ധരിക്കുവാൻ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞിട്ടുണ്ട്. ഈയാഴ്‌ച്ച സ്‌കൂളുകൾ വീണ്ടും തുറക്കുമ്പോൾ മുതൽ ഇത് പ്രാബല്യത്തിൽ വരും.
എൻ എച്ച് എസ് ജീവനക്കാരിൽ പത്തുശതമാനത്തോളം അവധിയിലായതോടെ പലഎ ആൻഡ് ഇ കളിലും40 മണീക്കൂർ വരെ കാത്തുനിൽക്കേണ്ട അവസ്ഥ ഉണ്ടായിരിക്കുകയാണെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. ആംബുലൻസിനുവേണ്ടിയും അടിയന്തര ചികിത്സയ്ക്ക് വെണ്ടിയും കാത്തിരിപ്പ് നീളുകയാണ്. അതേസമയം, കോവിഡ് രോഗികൾ കൂടുതലായി ആശുപത്രികളിൽ എത്തിച്ചേർന്നാൽ, അടിയന്തര സ്വഭാവമില്ലാത്ത പല ശസ്ത്രക്രിയകളും താത്ക്കാലികമായി റദ്ദ് ചെയ്യുമെന്ന് ചില എൻ എച്ച് എസ് വൃത്തങ്ങൾ സൂചന നൽകുന്നു.
അതേസമയം, ഒമിക്രോണിന്റെ ഹോട്ട്സ്പോട്ട് ആയിരുന്ന ലണ്ടൻ നഗരത്തിൽ രോഗം മൂർച്ഛിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നുണ്ട്. നഗരത്തിലെ ഓമിക്രോൺ തരംഗം ഏതാണ്ട് കെട്ടടങ്ങാറായി എന്നതിന്റെ സൂചനയായിട്ടാണ് പല വിദഗ്ദരും ഇതിനെ വിലയിരുത്തുന്നത്. ലണ്ടനിലെ തരംഗം അതിന്റെ മൂർദ്ധന്യ ഘട്ടത്തിലെത്തിക്കഴിഞ്ഞിരിക്കുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. ദക്ഷിണാഫ്രിക്കയിൽ, ഓമിക്രോൺ തരംഗം മൂന്നാഴ്‌ച്ചകൊണ്ടാണ് അതിന്റെ മൂർദ്ധന്യ ഘട്ടത്തിൽ എത്തിയത്. പിന്നീട് വ്യാപനം കുത്തനെ താഴുകയായിരുന്നു.
എന്നാൽ, ദക്ഷിണാഫ്രിക്കയിൽ സംഭവിച്ചത് പോലെ ബ്രിട്ടനിലും സംഭവിക്കണമെന്നില്ല എന്നാണ് ചില ശാസ്ത്രജ്ഞർ പറയുന്നത്. എന്നാൽ, ഓമിക്രോൺ താരതമ്യേന ദുർബലമായ വകഭേദമാണെന്നതിന് കൂടുതൽ തെളീവുകൾ പുറത്തുവന്നതിനാൽ, ഇനി കൂടുതൽ നിയന്ത്രനങ്ങൾ ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ബ്രിട്ടീഷുകാർ.