ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ തടവ് പുള്ളികൾക്ക് പരോൾ അനുവദിക്കുന്നതിൽ നിലപാട് അറിയിക്കാൻ കേരളത്തോട് നിർദ്ദേശം. സുപ്രീം കോടതിയാണ് നിർദ്ദേശം നൽകിയത്. കേരളത്തിലെ വിവിധ ജയിലുകളിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നവരുടെ ബന്ധുക്കളായ 26 വനിതകൾ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി നിർദ്ദേശം നൽകിയത്.

ജനുവരി പത്തിനകം നിലപാട് അറിയിക്കാനാണ് ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും വിക്രം നാഥും അടങ്ങിയ ബെഞ്ച് നിർദേശിച്ചത്. കോവിഡിന്റെ ആദ്യ രണ്ട് തരംഗങ്ങളിൽ പരോളും ജാമ്യവും അനുവദിച്ച തടവ്പുള്ളികളോട് ജയിലിലേക്ക് മടങ്ങാൻ സംസ്ഥാന സർക്കാർ നിർദേശിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്താണ് തടവ്പുള്ളികളുടെ ബന്ധുക്കളായ വനിതകൾ സുപ്രീം കോടതിയെ സമീപിച്ചത്.

രാജ്യത്ത് കോവിഡും ഓമിക്രൊണും വ്യാപിക്കുകയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാൽ മുൻ തീരുമാനത്തിൽ സംസ്ഥാന സർക്കാർ മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് അറിയിക്കണമെന്നും കോടതി നിർദേശിച്ചു. തടവ് പുള്ളികളുടെ ബന്ധുക്കൾക്കുവേണ്ടി സീനിയർ അഭിഭാഷകൻ സിദ്ധാർത്ഥ ലൂതറ ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിങ് കൗൺസൽ നിഷേ രാജൻ ഷൊങ്കറാണ് ഹാജരായത്.