കണ്ണൂർ: മാടായിപ്പാറയിൽ കെ.റെയിലിനായി സ്ഥാപിച്ച കുറ്റി പിഴുതു മാറ്റിയ നിലയിൽ കണ്ടെത്തി. ചൊവ്വാഴ്‌ച്ച വൈകുന്നേരമാണ് മാടായിപ്പാറയിലെ പാറക്കുളത്തിനടുത്ത് സ്ഥാപിച്ച കെ.റെയിൽ സർവ്വേ കുറ്റി പിഴുതുമാറ്റിയ നിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്‌ച്ച രാവിലെ കെ.റെയിൽ പദ്ധതിക്കായി മാടായി പാറയിലെ ജൈവവൈവിധ്യങ്ങൾ നശിപ്പിക്കുന്നതിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ മാടായിപ്പാറയിൽ പ്രതിഷേധ സംഗമം നടന്നിരുന്നു.

എന്നാൽ സംഭവത്തിന്റെ ഉത്തരവാദിത്വം കോൺഗ്രസ് ഇതുവരെ ഏറ്റെടുത്തിട്ടില്ല. സിൽവർ ലൈൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും തുടക്കം മുതൽ ഒടുക്കം വരെ സ്ഥാപിച്ച സർവേ കുറ്റികൾ പിഴുതെറിയുമെന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ഇന്ന് മുന്നറിയിപ്പു നൽകിയിരുന്നു.

സിൽവർ ലൈൻ പദ്ധതിയുമായി മുൻപോട്ടു പോയാൽ സംസ്ഥാനത്ത് ക്രമസമാധാന തകർച്ചയുണ്ടാകുമെന്നും ഇതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു പദ്ധതി നടപ്പിലാക്കിയാൽ ലഭിക്കുന്ന അഞ്ചു ശതമാനം കമ്മിഷനിലാണ് സർക്കാരിന്റെ കണ്ണെന്നും സുധാകരൻ ആരോപിച്ചു.

കെ.റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠന സർവ്വേ നടത്താനായി കഴിഞ്ഞ ദിവസമാണ് കോട്ടയത്തെ ഏജൻസിയുടെ പ്രതിനിധികൾ കണ്ണുരിലെത്തിയത്.മാടായിപ്പാറയിലെ കുറ്റി പിഴുത സംഭവത്തിൽ പഴയങ്ങാടി പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.