- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടോറിക്ഷ തകർത്ത് തരിപ്പണമാക്കി; എന്നിട്ടും കലിതീരാതെ ഡ്രൈവറെ വലിച്ചു പുറത്തിട്ട് ചവിട്ടി കാട്ടാന: 29കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മൂന്നാർ: കാട്ടാനയുടെ ആക്രമണത്തിൽ നിന്നും ഓട്ടോറിക്ഷ ഡ്രൈവറായ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഓട്ടോറിക്ഷ അടിച്ചുതകർത്തിട്ടും കലിയടങ്ങാതെ കാട്ടാന ഓട്ടോഡ്രൈവറെ വലിച്ചുപുറത്തിട്ട് ചവിട്ടാൻ ശ്രമിച്ചു. എന്നാൽ തേയിലച്ചെടികൾക്കിടയിലേക്ക് വീണ യുവാവ് തേയിലച്ചെടികൾക്കിടയിലേക്ക് ഇഴഞ്ഞു കയറിയതിനാൽ അദ്ഭുതകരമായി രക്ഷപ്പെട്ടു. മൂന്നാർ ടൗണിലെ ഓട്ടോ ഡ്രൈവറും കുറ്റിയാർ വാലിയിൽ താമസക്കാരനുമായ ആന്റണി റിച്ചാർഡ് (29) ആണ് ആനയുടെ പിടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.
സ്വന്തം ഓട്ടോയിൽ തനിച്ച് വീട്ടിലേക്കു പോകുമ്പോഴാണ് ആന്റണിയെ കാട്ടാന ആക്രമിച്ചത്. തിങ്കളാഴ്ച രാത്രി 9 ന് കുറ്റിയാർ വാലി റൂട്ടിൽ വേൽമുടി ബംഗ്ലാവിനു സമീപമായിരുന്നു ആക്രമണം. ആന്റിണി റോഡിലൂടെ പോകുമ്പോൾ മുന്നിലും പിന്നിലുമായി അഞ്ച് വാഹനങ്ങൾ ഉണ്ടായിരുന്നു. പാതയോരത്ത് മറഞ്ഞുനിന്ന ഒറ്റയാൻ റിച്ചാർഡിന്റെ മുന്നിൽ പോയ ജീപ്പിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ വേഗം കൂട്ടിയതിനാൽ രക്ഷപ്പെട്ടു. ഇതോടെ പിന്നിൽ വന്ന ആന്റണിയുടെ ഓട്ടോ തകർക്കുകയായിരുന്നു.
ആനയുടെ കണ്ണിൽപെടാതെ റിച്ചാർഡ് ഓട്ടോയിൽ ഒളിക്കാൻ ശ്രമിച്ചെങ്കിലും ആന തുമ്പിക്കൈ നെഞ്ചിൽ ചുറ്റിവലിച്ച് വെളിയിലേക്ക് ഇട്ടു. തേയിലച്ചെടികളുടെ ചുവട്ടിലേക്കാണ് റിച്ചാർഡ് വീണത്. പെട്ടെന്നു തന്നെ ചെടികളുടെ ഇടയിലേക്ക് നൂഴ്ന്നു നീങ്ങിയതിനാൽ ആനയുടെ കണ്ണിൽപെട്ടില്ല. വീഴ്ചയിൽ നടുവിനും വലതുകാലിനും ഗുരുതര പരുക്കേറ്റിരുന്നു. പിന്നിലെ വാഹനങ്ങളിൽ ഉണ്ടായിരുന്നവർ ഈ ആക്രമണം കണ്ട് വാഹനങ്ങളിൽ നിന്ന് ഇറങ്ങിയോടി. ഒരു മണിക്കൂറിനു ശേഷം ഇവർ സംഘടിച്ച് എത്തിയാണ് തേയിലച്ചെടികൾക്കിടയിൽ റിച്ചാർഡിനെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചത്.