- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാഗിൽ തോക്കുമായി വിമാനം കയാറാനെത്തി; പാലക്കാട്ടെ കോൺഗ്രസ് നേതാവ് കെ.എസ്.ബി.എ. തങ്ങൾ അറസ്റ്റിൽ
കോയമ്പത്തൂർ: ബാഗിൽ തോക്കും തിരകളുമായി വിമാനം കയറാനെത്തിയ പാലക്കാട്ടെ കോൺഗ്രസ് നേതാവ് കെ.എസ്.ബി.എ. തങ്ങളെ (60) സിഐ.എസ്.എഫ്. കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂർ വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ തങ്ങളുടെ ബാഗിൽ നിന്നും തോക്കും തിരകളും കണ്ടെത്തുകയായിരുന്നു. കൂടുതൽ അന്വേഷത്തിനായി അദ്ദേഹത്തെ പീളമേട് പൊലീസിന് കൈമാറി.
ബെംഗളൂരുവിലേക്ക് പുലർച്ചെ 6.55-ന് പുറപ്പെടുന്ന ഇൻഡിഗോ വിമാനത്തിൽ കയറാനായി ചൊവ്വാഴ്ച പുലർച്ചെയാണ് തങ്ങൾ കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തിയത്. തുടർന്ന് ലഗേജ് സ്‌കാനിങ്ങിന് വിധേയമാക്കിയപ്പോഴാണ് തോക്കും ഏഴ് തിരകളും കണ്ടെത്തിയത്. വിമാനത്താവളത്തിൽ ആയുധവുമായി എത്തിയതിന് 1959ലെ ആയുധനിയമത്തിന്റെ സെക്ഷൻ മൂന്ന്, 25 എന്നിവപ്രകാരം പൊലീസ് കെ.എസ്.ബി.എ. തങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോയമ്പത്തൂർ ജില്ലാകോടതി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇദ്ദേഹത്തെ റിമാൻഡ് ചെയ്തു. ബുധനാഴ്ച ജാമ്യാപേക്ഷ നൽകുമെന്ന് കെ.എസ്.ബി.എ. തങ്ങളുടെ അഭിഭാഷകനായ പി.ടി. അജ്മൽ പറഞ്ഞു.
കാലപ്പഴക്കത്താൽ ദ്രവിച്ചുതുടങ്ങിയ തോക്കും തിരകളുമാണ് കണ്ടെത്തിയത്. തുടർന്ന് ജീവനക്കാർ സിഐ.എസ്.എഫിനെ വിവരമറിയിക്കയായിരുന്നു. തോക്കിന് ലൈസൻസോ മറ്റ് രേഖകളെ ഇല്ലാത്തതിനാൽ കൂടുതൽ പരിശോധനയ്ക്കായി അദ്ദേഹത്തെ പീളമേട് പൊലീസിന് കൈമാറുകയായിരുന്നു. താൻ കൊണ്ടുവന്ന ബാഗ് മാറിപ്പോയതാണെന്നാണ് കെ.എസ്.ബി.എ. തങ്ങൾ പറഞ്ഞത്.
തങ്ങളെ യാത്രയയ്ക്കാനെത്തിയ നാട്ടുകാരനായ അബ്ദുൽഗഫൂറിനെയും (60) ഡ്രൈവറെയും പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തു. ഉപയോഗശൂന്യമായ 0.22 വിഭാഗത്തിൽപ്പെട്ട തോക്കാണ് കണ്ടെടുത്തതെന്നും ഏഴ് തിരകളും നിറച്ച നിലയിലാണുണ്ടായിരുന്നതെന്നും പൊലീസ് അറിയിച്ചു. കോയമ്പത്തൂരിൽനിന്ന് ബെംഗളൂരുവഴി പഞ്ചാബിലെ അമൃതസറിലേക്കുള്ള യാത്രയ്ക്കായി എത്തിയതാണെന്നും പട്ടാമ്പി എം.ഇ.എസ്. സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി യൂണിഫോം ഓർഡർചെയ്യാനുള്ള യാത്രയിലായിരുന്നു താനെന്നും തങ്ങൾ പൊലീസിനെ അറിയിച്ചു.
വീട്ടിൽനിന്ന് വരുമ്പോൾ ലഗേജ് മാറിപ്പോയതാണെന്നും പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. 80 വർഷത്തോളം പഴക്കമുണ്ട് തോക്കിന്. തന്റെ പിതാവ് കൈവശംവെച്ചിരുന്ന തോക്കാണിതെന്നും ലൈസൻസ് ഇല്ലെന്നും തങ്ങൾ പൊലീസിനോട് പറഞ്ഞു. അതേസമയം, തോക്ക് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു. തോക്കിന്റെ പഴക്കം, ഉപയോഗയോഗ്യമാണോ എന്നതടക്കം പരിശോധിക്കും.