രു ഭാഗത്ത് ഒരു നേരത്തേ ഭക്ഷണത്തിനുള്ള വക കിട്ടാതെ കോടിക്കണക്കിന് മനുഷ്യർ പട്ടിണിയും പരിവട്ടവുമായി കഴിയുമ്പോൾ മറുഭാഗത്ത് ആഡംബരത്തിന്റെ തിരമാലകളിൽ ആറാടി ജീവിതം ആഘോഷമാക്കുകയാണ് ഒരുകൂട്ടം അതിസമ്പന്നർ. ദുബായ് എന്ന അത്യാധുനിക നഗരത്തിലെ അതിസമ്പന്നരുടെ അവിശ്വസനീയമായ ജീവിതശൈലിയുടെ നേർക്കാഴ്‌ച്ചയുമായാണ് ബി ബി സി 2 വിൽ ഇൻസൈഡ് ദുബായ് എന്ന ഡോല്ക്യൂമെന്ററി എത്തിയത്.

ലോകത്തിന്റെ പല ഭാഗത്തുനിന്നും എത്തിയ അതിസമ്പന്നർ താമസിക്കുന്ന നഗരമാണ് ദുബായ്. പലർക്കും ആഡംബര കാറുകൾ മുതൽ സ്വകാര്യ ജെറ്റുകൾ വരെയുണ്ട്. 18 കാരറ്റ് സ്വർണ്ണത്തിൽ തീർത്ത സോപ്പും, ഇഷ്ടപ്പെട്ട രജിസ്ട്രേഷൻ നമ്പർ കിട്ടാൻ ഒരു റോൾസ്റോയ്സ് കാറിനേക്കാൾ കൂടുതൽ പണം നൽകാൻ മടിയില്ലാത്തവരും ഒക്കെ ചേർന്ന് ദുബായുടെ ആഡംബരം വിളിച്ചോതുന്നു. നഗരത്തിലെ ജനസംഖ്യയിൽ കെവലം 15 ശതമാനത്തിൽ താഴെ മാത്രമാണ് തദ്ദേശ വാസികൾ എന്നതാണ് ഏറ്റവും രസകരമായ കാര്യം.

സുഖഭോഗത്തിൽ മുഴുകികഴിയുന്ന ഒരു കൂട്ടം അതിസമ്പന്നരുടെ ജീവിത ശൈലിയെ അശ്ലീലം എന്നാണ് ഈ ഡോക്യൂമെന്ററിയിൽ വിശേഷിപ്പിച്ചിരിക്കുന്നത്. അസമത്വത്തിന്റെ ഏറ്റവും നല്ല ഉദാഹരണമെന്നും അതിന്റെ ഏറ്റവും മോശപ്പെട്ട രൂപമെന്നുമൊക്കെയാണ് ഈ അതിസമ്പന്നരുടെ ജീവിത ശൈലി വിശേഷിപ്പിക്കപ്പെടുന്നത്. ലോകത്ത് എവിടെയെങ്കിലുമസമത്വത്തിന്റെ ഇത്രയും വൃത്തികെട്ട രൂപം കാണുമെങ്കിൽ അത് ഈ ഒരു മണിക്കൂർ നീണ്ട ഡോക്യൂമെന്ററിയിൽ കാണാം എന്നാണ് ഇത് കണ്ട ഒരു വ്യക്തി സമൂഹമാധ്യമത്തിൽ കുറിച്ചത്.

താൻ ജീവിതത്തിൽ കണ്ടതിൽ വെച്ച് ഏറ്റവുമധികം വെറുക്കപ്പെട്ട ഒന്നാണിതെന്ന് മറ്റൊരാൾ പറയുന്നു. ഇന്നലെ രാത്രി സംപ്രേഷണം ചെയ്ത ഈ ഡോക്യൂക്മെന്ററിയിൽ ഇന്നലെ പ്രതിപാദിക്കപ്പെട്ടവരിൽ ഒരാൾ ഇന്ത്യൻ പൗരനായ അബു സബയാണ്. അതിസമ്പന്നരുടെ വിളനിലമായ ദുബായിലെ 52,000 വരുന്ന ശതകോടീശ്വരന്മാരിൽ ഒരാളായ ഇയാൾ ഈയടുത്ത് നഗരത്തിലെ പ്രധാന സംസാരവിഷയമായി തീരുകയും ചെയ്തിരുന്നു.

രാജ് സാഹ്നി ഗ്രൂപ്പ് എന്ന റിയൽഎസ്റ്റേറ്റ് സ്ഥാപനം നടത്തുന്ന ഇയാൾ പറഞ്ഞത് ഒരു സിംഗിൾ ഡിജിറ്റ് നമ്പർപ്ലേറ്റ് സ്വന്തമാക്കുവാൻ 6.8 മില്യൺ പൗണ്ട് നൽകി എന്നാണ്. അതായത് ഒരു റോൾസ് റോയ്സ് കാറിന്റെ വിലയേക്കാൾ അധിക തുക കേവലം ഒരു നമ്പർപ്ലേറ്റിനായി ഇയാൾ നൽകി എന്ന് ചുരുക്കം. സമൂഹത്തിലെ സ്റ്റാറ്റസ് സിംബൽ എന്ന രീതിയിലാണ് താൻ സിംഗിൾ ഡിജിറ്റ് നമ്പർപ്ലേറ്റ് സ്വന്തമാക്കിയതെന്നാണ് ഇയാൾ പറയുന്നത്. താൻ ആദ്യമായി ദുബായിൽ എത്തിയപ്പോൾ തീർത്തും അപരിചിതമായി തോന്നീ ഈ നഗരം എന്ന് അയാൾ പറയുന്നു.

സാമാന്യം ഭേദപ്പെട്ട ഒരു കാർ ഉണ്ടായിട്ടുകൂടി ഒരു ഹോട്ടലിൽ തന്നെ പ്രവേശിപ്പിച്ചില്ല എന്നും ഇയാൾ പറയുന്നു. കാർ മാത്രം ഉണ്ടായതുകൊണ്ടായില്ല, നല്ലൊരു നമ്പർപ്ലേറ്റ് കൂടി വേണമെന്ന് അവർ പറഞ്ഞത്രെ. രണ്ടക്ക സംഖ്യയുള്ള നമ്പർപ്ലേറ്റായിരുന്നു അവർ ആവശ്യപ്പെട്ടത്. അങ്ങനെയാണ് 8 ലക്ഷം ഡോളർ വിലവരുന്ന കാറിന് സിംഗിൾ ഡിജിറ്റ് നംബർപ്ലേറ്റ് ലഭിക്കുവാനായി 90 ലക്ഷം ഡോളർ മുടക്കിയതെന്നും അയാൾ പറഞ്ഞു.

അതേസമയം സ്റ്റോക്ക്-ഓൺ-ട്രെന്റ് സ്വദേശിയായ ബ്രിട്ടീഷ് പ്രവാസിയുടെ കഥ മറ്റൊന്നാണ്. ചാനൽ ദ്വീപുകളിലെ ഏറ്റവും സമ്പന്നനായ ബിസിനസ്സുകാരനെ വിവാഹം കഴിച്ചതിനുശേഷം ഇവർ ജഴ്സിയിലും ദുബായിലെ അതിസമ്പന്നർ വസിക്കുന്ന എമിരേറ്റ്സ് ഹിൽസിലുമായാണ് ജീവിതം ചെലവഴിക്കുന്നത്. ഫുട്ബോൾ താരങ്ങൾ, സെലിബ്രിറ്റികൾ തുടങ്ങിയവർക്കൊപ്പം കുപ്രസിദ്ധരായ ചില അതിസമ്പന്നരും താമസിക്കുന്ന ഊബർ പ്രൈവറ്റ് എൻക്ലേവിലാണ് ഇവരുടെ താമസം.ഗെയ്നർ സ്‌കോട്ട് എന്ന ഈ അതിസമ്പന്നയുടെ അയൽക്കാരിൽ ഒരാൾ മുഗാബെ കുടുംബമാണ്.

2019-ൽ തൊണ്ണൂറ്റിയഞ്ചാം വയസ്സിൽ മരണമടയുമ്പോൾ 1 ബില്യൺ ഡോളർ വിലയുള്ള ആഡംബര വസതി തന്റെ മകനായി നൽകിയിരുന്നു. ഒരു പ്ലേബോയ് ആയ മകൻ അവിടേ കുറച്ചുനാൾ ജീവിക്കുകയും ചെയ്തിരുന്നു. ഏറ്റവും സമ്പന്നരായവർ മാത്രം താമസിക്കുന്ന സ്ഥലമാണെന്നാണ് ഊബർ പ്രൈവറ്റ് എൻക്ലേവിനെ കുറിച്ച് ഗേയ്നോർ പറയുന്നത്. കുട്ടികളെ നോക്കാൻ ആയമാരേയും അതുപോലെ ഇഷ്ടഭക്ഷണം കഴിക്കാൻപേരെടുത്ത പാചകക്കാരെയുമൊക്കെ പല വീടുകളിലും നിയമിച്ചിട്ടുണ്ട്.

1.8 ലക്ഷം പൗണ്ടോളം ചെലവ് ചെയ്ത് ചാനൽ ദ്വീപിലെ വസതിയിലേക്ക് പോകുന്നത് ചാർട്ടേർഡ് വിമാനത്തിലാണ്. ആ സമയത്ത് വിമാനത്താവളത്തിൽ കാത്തിരുന്ന് ബോറടിക്കാതിരിക്കാൻ സംഗീതവിരുന്നൊരുക്കാൻ സംഗീതജ്ഞരെയും ഇവർ വാടകയ്ക്ക് എടുക്കുമത്രെ. 2 ലക്ഷം പൗണ്ടിലധികം വിലവരുന്ന ഡിസൈനർ ഷൂസുകളുടേ ശേഖരണമാണ് സ്വിസ് സോഷ്യലൈറ്റായ സോണിയ പ്രോങ്ക് ഡോക്യൂമെന്ററിയിൽ കാണിച്ചത്. അതിൽ ഒരു ജോഡി ഷൂസ് 1 ലക്ഷം പൗണ്ട് വിലയുള്ളതാണ്.

വീട്ടിൽ നിന്നും മാറിത്താമസിക്കാൻ ആഗ്രഹിക്കുന്നവർക്കായി അത്യാഡംബര സൗകര്യങ്ങൾ ഒരുക്കുന്ന അറ്റ്ലാന്റിസ് ഹോട്ടലും ഇവിടെയുണ്ട്. ഹോട്ടലിൽവി ഐ പികൾക്കായി പ്രത്യേകം സ്യുട്ടുകളുണ്ട്.. മൂന്ന് കിടപ്പുമുറികൾ, ഒരു ബില്യാർഡ് ലോഞ്ച്, എന്നിവയ്ക്കൊപ്പം നഗരത്തിന്റെ വിശാലമായ കാഴ്‌ച്ചയും ഈ സ്യുട്ടുകൾ പ്രദാനം ചെയ്യുന്നു. ഒരു രാത്രി ഇവിടെ തങ്ങുവാൻ 20,000 പൗണ്ടാണ് നിരക്ക്. 18 കാരറ്റ് സ്വർണം ഉരുക്കിച്ചേർത്ത സോപ്പും അതുപോലെ 24 കാരറ്റ് സ്വർണം അടങ്ങിയ മോയ്സ്ചറൈസറുമൊക്കെ ഇവിടത്തെ പ്രത്യേകതകളാണ്.