കൊല്ലം: വീട്ടിൽ ഒറ്റയ്ക്കായിരുന്ന 61-കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 38 കാരൻ പിടിയിൽ. ഓയൂർ ഇളമാടാണ് സംഭവം. വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച ചെങ്കൂർ പ്ലാങ്കുഴി വടക്കതിൽവീട്ടിൽ സജു (കടുക്-38) വിനെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

വയോധിക അടുക്കളയിൽ ജോലി ചെയ്യുന്നതിനിടെയാണ് വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി ഇവരെ പീഡിപ്പിക്കാൻ ശ്രമിച്ചത്. കൈവശമുണ്ടായിരുന്ന കറിക്കത്തി വീശി പ്രതിരോധിച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പൂയപ്പള്ളി പൊലീസിൽ വയോധിക പരാതി നൽകിതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കഴിഞ്ഞദിവസം രാവിലെ 10.30-നായിരുന്നു സംഭവം. പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ കത്തി ഉപയോഗിച്ച് ഇയാളെ ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് ഇയാൾ പിൻവാങ്ങിയത്. ടാപ്പിങ് ജോലിയിലായിരുന്ന സഹോദരനെ വിവരമറിയിച്ച് സമീപ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും സജുവിനെ കണ്ടെത്താനായില്ല. തുടർന്ന് തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പൊലീസ് സംഘം സജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.