- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമ്പിവേലി തുറക്കാതെ സൈനികർ; ഉച്ചഭക്ഷണത്തിനുള്ള അരി ചുമലിലേറ്റി വിദ്യാർത്ഥികളും അദ്ധ്യാപകരും വലഞ്ഞു; പയ്യാമ്പലത്തെ സ്കൂളിൽ ഉച്ചഭക്ഷണം തന്നെ മുടങ്ങുന്ന സാഹചര്യം
പയ്യാമ്പലം: ബർണ്ണശേരി കന്റോൺമെന്റ് ഏരിയയിലെ സൈനികരുടെ കടുംപിടുത്തം കാരണം സ്‌കൂൾ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഉച്ചഭക്ഷണത്തിനുള്ള അരി ചുമലിലേറ്റി കടത്തേണ്ടിവന്നു. ബുധനാഴ്‌ച്ച ഉച്ചയ്ക്കാണ് നൂറ് വർഷത്തിലേറെ പഴക്കമുള്ള സെന്റ് മൈക്കിൾസ് സ്‌കൂളിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പി ടി എ ഭാരവാഹികൾക്കും ഈ ഗതികേടുണ്ടായത്.
സെന്റ്മൈക്കിൾസ് സ്‌കൂളിന് മുൻ വശത്ത് പട്ടാളക്കാർ കമ്പിവേലി കെട്ടിയതാണ് ഇപ്പോൾ വിദ്യാലയത്തിന്റെ ദൈനംദിന പ്രവർത്തനത്തെ പോലും സാരമായി ബാധിക്കുന്ന രീതിയിലെത്തിയത്. മാസങ്ങൾക്ക് മുമ്പ് രണ്ട് വശം മാത്രം കെട്ടിയിരുന്ന മുള്ളുവേലി ഇപ്പോൾ മൂന്ന് വശത്തും കെട്ടിയിരിക്കുകയാണ്. ഇത് കാരണം വിദ്യാർത്ഥികൾക്ക് നൽകേണ്ട ഉച്ചഭക്ഷണം തന്നെ മുടങ്ങുന്ന സാഹചര്യമാണുള്ളത്.
കഴിഞ്ഞ മാസം പട്ടാളക്കാർ കെട്ടിയ വേലി താൽക്കാലികമായി നീക്കി അരി കൊണ്ടുപോകാൻ അനുവദിച്ചിരുന്നു. എന്നാൽ ഇന്നലെ അരി വന്നപ്പോൾ കടത്തിവിടാൻ പട്ടാള അധികൃതർ തയ്യാറായില്ല. സ്‌കൂൾ അധികൃതരും പി ടി എ ഭാരവാഹികളും ജില്ലാ കലക്ടറേയും മറ്റും ബന്ധപ്പെട്ട് അരി ഇറക്കാൻ സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. പക്ഷെ പട്ടാളക്കാർ അനുവാദം നൽകിയില്ല.
ഒടുവിൽ പ്രതിഷേധമെന്ന നിലയിൽ സ്‌കൂൾ അധികൃതരും പി ടി എ ഭാരവാഹികളും വിദ്യാർത്ഥികളും ചേർന്ന് തല ചുമടായി അരി അരകിലോ മീറ്ററിലധികം ചുമന്നാണ് പാചക പുരയുടെ സ്റ്റോറിൽ എത്തിച്ചത്. നൂറ്റാണ്ട് പഴക്കമുള്ള വിദ്യാലയത്തിന്റെ ഭാവി ഇരുളടയുന്ന തരത്തിലുള്ള നീക്കമാണ് പട്ടാളത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. പല തവണ ജനപ്രതിനിധികൾ പട്ടാള അധികൃതരുമായി സംസാരിച്ചുവെങ്കിലും ഇതേവരെ അനുകൂലമായ തീരുമാനമുണ്ടാക്കാൻ സാധിച്ചിട്ടില്ല. സൈനികരുടെ ഏകപക്ഷീയമായ നടപടി പ്രദേശവാസികളിൽ കടുത്ത പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്