തലശ്ശേരി: റെയിൽവേ സ്റ്റേഷനിൽനിന്നും നീങ്ങി തുടങ്ങിയ തീവണ്ടിയിൽ ഓടിക്കയറാൻ ശ്രമിച്ച ആൾ തീവണ്ടിയിൽനിന്ന് വീണുമരിച്ചു. തീവണ്ടിയിലേക്ക് ചാടിക്കയറാൻ ശ്രമിക്കുന്നതിനിടയിൽ പ്ലാറ്റ്ഫോമിനും തീവണ്ടിക്കുമിടയിൽപ്പെട്ടാണ് അപകടം. പുന്നാട് ചോലക്കണ്ടിയിലെ കുന്നത്ത് ഹൗസിൽ ഹാഷിം (68) ആണ് മരിച്ചത്.

തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ ബുധനാഴ്ച രാവിലെയാണ് അപകടം. ഓടിത്തുടങ്ങിയ മംഗളൂരു-ചെന്നൈ എഗ്മോർ എക്സ്‌പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടയിൽ പിടിവിട്ട് താഴേക്ക് വീഴുത ആയിരുന്നു. 9.26-ന് സ്റ്റേഷനിലെത്തിയ തീവണ്ടി 9.28-ന് നീങ്ങാൻ തുടങ്ങിയ ഉടനെയാണ് ഹാഷിം കയറാൻ ശ്രമിച്ചത്. ഇതിനിടയിൽ പിടിവിട്ട് വീണ ഹാഷിം തീവണ്ടിക്കടിയിൽപ്പെട്ടു.

ഹാഷിമിനെ ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തീവണ്ടിയിലുണ്ടായിരുന്ന ഒരാൾ പിടിക്കാൻ ശ്രമിച്ചെങ്കിലും തീവണ്ടിയിൽ കയറാൻ കഴിഞ്ഞില്ലെന്ന് സംഭവസമയത്ത് സ്റ്റേഷനിലുണ്ടായിരുന്നവർ പറഞ്ഞു. സംഭവത്തെതുടർന്ന് തീവണ്ടി 22 മിനിറ്റ് സ്റ്റേഷനു സമീപം നിർത്തിയിട്ടു. വ്യാപാരാവശ്യർഥം തിരുപ്പൂരിലേക്ക് പോകാൻ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു ഹാഷിം. മറ്റു രണ്ടുപേരോടൊപ്പമാണ് ഹാഷിം തിരുപ്പൂരിലേക്ക് ടിക്കറ്റെടുത്തത്.

ഭാര്യമാർ: റുക്കിയ, സഫ്രീന (മെരുവമ്പായി), റഹ്മത്ത് (പുന്നാട്). മക്കൾ: റഹ്മത്തുള്ള, അർഷാദ്, ഹസ്സൻ, ഹന്നത്ത്, ഫാത്തിമ ഹസാന, മുഹമ്മദ് ഹാഷിർ, ഫാത്തിമ ഹാഫിസ, ഹസ്സനു ജഹാൻ, ഹാദി ഹസ്സൻ.