- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാതി സർട്ടിഫിക്കറ്റിൽ യാതൊരു കുറിപ്പുകളും എഴുതാൻ പാടില്ലെന്ന് 96 ലെ കമ്യൂണിറ്റി ഇഷ്യൂ ആക്ടിൽ പറയുമ്പോഴാണ് തഹസിൽദാരുടെ ഭാഗത്ത് നിന്ന് നിയമലംഘനമുണ്ടായത്; സിആർപിഎഫിലെ ജോലി യുവാവിന് നഷ്ടമായിട്ടും തെറ്റുകാരിക്ക് ചെറിയ ശിക്ഷ; നടപടി സ്ഥലം മാറ്റത്തിൽ ഒതുക്കി രാഷ്ട്രീയ സമ്മർദ്ദം
പത്തനംതിട്ട: പാവപ്പെട്ട പട്ടിക ജാതിക്കാരനായ യുവാവിന് ആശിച്ച് മോഹിച്ച് കിട്ടിയ ജോലി നഷ്ടപ്പെടാൻ കാരണക്കാരിയായ തഹസിൽ ദാർക്കെതിരായ അച്ചടക്ക നടപടി സ്ഥലം മാറ്റത്തിലൊതുക്കി. സിആർപിഎഫിൽ അസിസ്റ്റന്റ് കമാൻഡന്റായി ജോലി കിട്ടിയ ഏനാത്ത് സ്വദേശി എസ്. സുലാലിന് നൽകിയ ജാതി സർട്ടിഫിക്കറ്റിൽ അടൂർ തഹസിൽദാരായിരുന്ന ബീന ഹനീഫ് സ്വന്തം ഇഷ്ടപ്രകാരം കുറിപ്പെഴുതി ചേർക്കുകയായിരുന്നു.
1996 ലെ കമ്യൂണിറ്റി ഇഷ്യൂ ആക്ടിന് വിരുദ്ധമായിരുന്നു തഹസിൽദാരുടെ നടപടി. സുലാലിന്റെയും പിതാവ് എസ്. സുധർമന്റെയും പരാതിയിൽ ലാൻഡ് റവന്യൂ കമ്മിഷണറാണ് ബീന ഹനീഫിനെതിരേ അച്ചടക്ക നടപടിക്ക് ഉത്തരവിട്ടത്. ഇതിന്റെ ഭാഗമായി നിലവിൽ പത്തനംതിട്ട ജില്ലാ കലക്ടറേറ്റിൽ ഹുസൂർ ശിരസ്തദാർ തസ്തികയിൽ പ്രവർത്തിച്ചിരുന്ന ബീനയെ റവന്യൂ റിക്കവറി തഹസിൽദാരായി സ്ഥലം മാറ്റുകയായിരുന്നു. ഈ ഉദ്യോഗസ്ഥയെ അപ്രധാന തസ്തികയിലേക്ക് സ്ഥലം മാറ്റണമെന്നായിരുന്നുവത്രേ കമ്മിഷണറുടെ ശിപാർശ.
അതേ സമയം, പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവിന്റെ ഭാവി തന്നെ ഇല്ലാതാക്കിയ ബീനയ്ക്കെതിരായ അച്ചടക്ക നടപടി നിസാരം ഒരു സ്ഥലം മാറ്റത്തിന് ഒതുക്കിയതിന് പിന്നിൽ സിപിഐയുടെ ഇടപെടലാണെന്ന് ആരോപണമുയരുന്നു. സിപിഐ ജില്ലാ നേതാവിന്റെ അടുത്തയാളായ ബീനയ്ക്ക് വേണ്ടി അച്ചടക്ക നടപടി ലഘൂകരിക്കുകയായിരുന്നുവത്രേ. മറുനാടൻ മലയാളിയാണ് ഈ വാർത്ത പൊതു സമൂഹത്തിൽ ചർച്ചയാക്കിയത്.
56,100 രൂപ അടിസ്ഥാന ശമ്പളത്തിലാണ് സുലാലിന് സിആർപിഎഫിലെ അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിലേക്ക് നിയമനം ലഭിച്ചത്. 2020 നവംബർ 13 നായിരുന്നു സുലാലിന് ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്നത്. ഇതിനായി തഹസിൽദാർ നൽകുന്ന സർട്ടിഫിക്കറ്റാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിൻ പ്രകാരം സുലാലിന്റെ പിതാവ് സുധർമൻ അപേക്ഷ നൽകി. പട്ടികജാതിയിൽ ഹിന്ദു-പാണൻ സമുദായാംഗമാണ് സുധർമൻ. ആർടി ഓഫീസിൽ നിന്ന് യുഡി ക്ലാർക്കായി വിരമിച്ചയാളാണ് സുധർമൻ. സുലാലിന്റെ മാതാവ് ലാലി അടൂർ താലൂക്ക് ഓഫീസിൽ അറ്റൻഡറാണ്. തഹസിൽദാരായിരുന്ന ബീന ഹനീഫിനൊപ്പമാണ് ജോലി ചെയ്തിരുന്നത്.
ലാലി ക്രിസ്ത്യൻ മതാചാരപ്രകാരമാണ് ജീവിക്കുന്നത്. ഇക്കാരണം പറഞ്ഞ് സുലാലിന് നൽകിയ ജാതി സർട്ടിഫിക്കറ്റിൽ കുടുംബം സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിൽ അല്ലെന്ന് തഹസിൽദാർ എഴുതി ചേർത്തു. പട്ടികജാതിയിൽപ്പെട്ടവരുടെ മതാചാര പ്രകാരമല്ല ജീവിക്കുന്നതെന്നും കുറിച്ചിട്ടുണ്ടായിരുന്നു. ജാതി സർട്ടിഫിക്കറ്റിൽ യാതൊരു കുറിപ്പുകളും എഴുതാൻ പാടില്ലെന്ന് 96 ലെ കമ്യൂണിറ്റി ഇഷ്യൂ ആക്ടിൽ പറയുമ്പോഴാണ് തഹസിൽദാരുടെ ഭാഗത്ത് നിന്ന് നിയമലംഘനമുണ്ടായത്. പിതാവിന്റെ സമുദായം അനുസരിച്ചാണ് മക്കളുടെ ജാതി കണക്കാക്കേണ്ടത്. ഇവിടെ മാതാവിന്റെ ജാതി പരിഗണിക്കേണ്ട കാര്യവുമില്ല. തഹസിൽദാരുടെ നടപടിക്കെതിരേ സുധർമനും സുലാലും മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥ മേധാവികൾക്കും പരാതി നൽകി.
തങ്ങൾക്ക് പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെന്ന് തെളിയിക്കുന്ന നാൽപതോളം സർട്ടിഫിക്കറ്റുകൾ നേരത്തേ ലഭിച്ചിട്ടുണ്ടെന്നും പരാതിയിൽ സൂചിപ്പിച്ചിരുന്നു. സുലാലിന് ജോലിക്ക് ചേരേണ്ടതിന്റെ തലേദിവസം പോലും യഥാർഥ ജാതിസർട്ടിഫിക്കറ്റിനായി തഹസിൽദാരെ സമീപിച്ചിരുന്നു. എന്നാൽ, നൽകാൻ തയാറായില്ല. ഇതോടെ ജോലിയും നഷ്ടപ്പെട്ടു. തഹസിൽദാർ റിപ്പോർട്ട് ചെയ്തതിൻ പ്രകാരം കിർത്താഡ്സ് വിഭാഗം പരിശോധന നടത്തി ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചു. സുലാൽ പട്ടികജാതിയിൽപ്പെട്ടയാളാണെന്നും സർട്ടിഫിക്കറ്റിന് അർഹനാണെന്നും കിർത്താഡ്സിന്റെ റിപ്പോർട്ടിലുണ്ടായിരുന്നു. ഇതിനിടെ സ്ഥലം മാറിപ്പോയ ബീനയ്ക്ക് പകരം വന്ന തഹസിൽദാർ സുലാലിന് പട്ടികജാതിക്കാരനാണെന്ന് സർട്ടിഫിക്കറ്റ് നൽകി. അപ്പോഴേക്കും ജോലിക്ക് ചേരാനുള്ള സമയം കഴിഞ്ഞ് ഒരു മാസമായിരുന്നു.
ജാതി സർട്ടിഫിക്കറ്റ് നൽകുന്ന കാര്യത്തിൽ ബീന ഹനീഫ് വരുത്തിയ വീഴ്ചയാണ് സുലാലിന് ജോലി നഷ്ടമാകാൻ കാരണമെന്ന് വ്യക്തമായിട്ടും ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്ന നിലപാടാണ് റവന്യൂ വകുപ്പ് ഭരിക്കുന്ന സിപിഐ സ്വീകരിച്ചത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്