- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വലിയതുറ - തോപ്പ് പ്രദേശങ്ങളിൽ ഒന്നര വർഷത്തിനുള്ളിൽ കടൽ ഭിത്തി നിർമ്മിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ; കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ മന്ത്രിമാരുടെ സന്ദർശനം
തിരുവനന്തപുരം: പൂന്തുറ മുതൽ വേളി വരെയുള്ള തീരപ്രദേശത്തെ കടലാക്രമണങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിനായി ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. കടലാക്രമണ ഭീഷണി നേരിടുന്ന വലിയതുറ - തോപ്പ് പ്രദേശങ്ങൾ ഗതാഗത മന്ത്രി ആന്റണി രാജുവിനൊപ്പം സന്ദർശിക്കുകയായിരുന്നു മന്ത്രി. പ്രദേശവാസികളോട് നേരിട്ടു സംസാരിച്ച മന്ത്രിമാർ അവരുടെ നിർദേശങ്ങൾ പരിഗണിക്കുമെന്നും ഉറപ്പു നൽകി.
വലിയതുറ അടക്കമുള്ള പ്രദേശങ്ങൾ കടൽക്ഷോഭം നേരിടാൻ സാധ്യതയുള്ള കേരളത്തിലെ 10 ഹോട്ട് സ്‌പോട്ടുകളിൽ ഉൾപ്പെടുത്തി കടൽ ഭിത്തിയോ അനുയോജ്യമായ മറ്റു സംവിധാനങ്ങളിലൂടെയോ സംരക്ഷിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. വരും മാസങ്ങളിൽ കടൽക്ഷോഭത്തിൽ നിന്ന് പ്രദേശത്തെ വീടുകൾ സംരക്ഷിക്കാൻ താൽക്കാലികവും പ്രായോഗികവുമായ പരിഹാരങ്ങൾ തേടും. ഒന്നര വർഷത്തിനുള്ളിൽ ഈ തീരപ്രദേശം മുഴുവൻ കടൽ ഭിത്തി നിർമ്മിച്ച് പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണുമെന്ന് മന്ത്രി പറഞ്ഞു.
നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചിന്റെ (എ.സി.സി.ആർ) പഠനപ്രകാരം കേരളത്തിൽ 60 കിലോമീറ്റർ തീരപ്രദേശത്ത് സംരക്ഷണം ആവശ്യമായിവരും. എൻ.സി.സി. ആറുമായി ഒപ്പുവച്ച ധാരണാപത്രം പ്രകാരം ഏതുവിധത്തിൽ സംരക്ഷണം വേണമെന്ന് നിശ്ചയിച്ച് വേണ്ടരീതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തും. അഞ്ചു വർഷത്തിനുള്ളിൽ 5,400 കോടി രൂപ ചെലവഴിച്ച് പദ്ധതി പൂർത്തിയാക്കും. ഈ സാമ്പത്തിക വർഷം ഇതിനായി 1,500 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.