അമൃത്സർ: ഇറ്റലിയിലെ മിലാനിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ പഞ്ചാബിലെ അമൃത്സറിൽ എത്തിയ 125 യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

അമൃത്സർ എയർപോർട്ടിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും അധികം യാത്രക്കാർക്ക് രോഗം സ്ഥിരീകരിച്ചതെന്ന് എയർപോർട്ട് ഡയറക്ടർ വി.കെ.സേത്ത് അറിയിച്ചു. 179 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരേയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. യാത്രക്കാർക്ക് ഓമിക്രോൺ ബാധയുണ്ടോ എന്നറിയാൻ വിശദമായ പരിശോധന നടത്തും.

അമൃത്സറിലെ വി.കെ സേത്ത് വിമാനത്താവളത്തിൽ എത്തിയശേഷം നടത്തിയ പരിശോധനയിലാണ് ഈ വിമാനത്തിലെത്തിയ യാത്രക്കാർ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റീനിൽ പ്രവേശിപ്പിക്കുമെന്നു വിമാനത്താവള അധികൃതർ വ്യക്തമാക്കി. അമൃത്സർ വിമാനത്താവളത്തിൽ വൻജനത്തിരക്കിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇറ്റലിയിൽനിന്നു യാത്ര പുറപ്പെട്ടപ്പോൾ നെഗറ്റീവ് ആയിരുന്നവർ ഇവിടെയെത്തിയപ്പോൾ പോസിറ്റീവ് ആയതിനെ മിക്ക യാത്രക്കാരും ചോദ്യം ചെയ്യുന്നതായാണ് റിപ്പോർട്ട്.

ഇതുവരെ രണ്ടു പേർക്കാണ് പഞ്ചാബിൽ ഓമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി ഉയരുകയാണ്. വ്യാഴാഴ്ച, 90,928 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 200 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്നനിരക്കാണ് ഇത്.

325 പേർ വൈറസ് ബാധിച്ച് മരിച്ചതായും റിപ്പോർട്ട് ചെയതിട്ടുണ്ട്.6.43 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ഇന്ത്യയിലെ ഓമിക്രോൺ ബാധിതരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. 2630 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്.

രാജ്യത്ത് ഏറ്റവും കൂടുതൽ ഓമിക്രോൺ ബാധിതർ ഉള്ളത് മഹാരാഷ്ട്രയിലാണ്. 797 രോഗികളാണ് ഉള്ളത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഡൽഹിയാണ്. ഇവിടെ 465 പേർ ഇതുവരെ റിപ്പോർട്ട് ചെയ്തു. നാലാം സ്ഥാനമാണ് കേരളത്തിനുള്ളത്. 234 പേർക്ക് ഇതുവരെ ഓമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളോട് നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.