- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വായു മാർഗം നിശ്ചയിച്ച യാത്ര റോഡ് മാർഗമാക്കി മാറ്റിയത് സംശയാസ്പദം; പൊലീസ് പറഞ്ഞത് കള്ളമാണെന്ന് കരുതി; മേൽപ്പാലത്തിൽ കുടുങ്ങിക്കിടക്കുന്നത് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹമെന്ന് പറഞ്ഞത് ഗ്രാമവാസികൾ'; പ്രതികരിച്ച് ഭാരതീയ കിസാൻ യൂണിയൻ നേതാവ്
ന്യൂഡൽഹി: കർഷകരുടെ റോഡ് ഉപരോധത്തെ തുടർന്ന് പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം ഇരുപത് മിനിട്ടോളം ഫ്ളൈ ഓവറിൽ കുടുങ്ങിയത് വിവാദം ഉയർത്തുന്നതിനിടെ സംഭവത്തിൽ വിശദീകരണവുമായി പ്രതിഷേധം നയിച്ച കർഷക നേതാവ്. വായു മാർഗം നിശ്ചയിച്ചിരുന്ന യാത്ര അവസാന നിമിഷം റോഡ് മാർഗമാക്കി മാറ്റിയത് സംശയാസ്പദമാണെന്നും ആരോപിച്ചു.
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഇതുവഴി കടന്നുപോകുന്നതിനാൽ റോഡ് ഒഴിയണമെന്ന് അവസാന നിമിഷം പഞ്ചാബ് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർ കള്ളം പറയുകയാണെന്നാണ് കരുതിയതെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് സുർജീത്ത് സിങ് ഫൂൽ ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.
സാധാരണയായി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിന് രണ്ടോ മൂന്നോ മണിക്കൂറുകൾക്ക് മുമ്പുതന്നെ റോഡിലെ തടസങ്ങൾ ഒഴിവാക്കുകയാണ് പതിവ്. പ്രധാനമന്ത്രിയുടെ യാത്ര പദ്ധതികൾ ഇത്ര പെട്ടെന്ന് മാറ്റാറില്ലെന്നും സുർജീത്ത് സിങ് പറഞ്ഞു.
'പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിൽ നിന്ന് കുറഞ്ഞത് 10 കിലോമീറ്ററോളം അകലെയായിരുന്നു ഞങ്ങൾ. പ്രധാനമന്ത്രി റോഡ് മാർഗമാണ് വരുന്നതെന്ന് അറിയില്ലായിരുന്നു. മേൽപ്പാലത്തിൽ കുടുങ്ങിക്കിടക്കുന്നത് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹമാണെന്ന് പിന്നീട് ഗ്രാമവാസികളാണ് ഞങ്ങളോട് പറഞ്ഞത്', സുർജീത്ത് സിങ് ഫൂൽ പറഞ്ഞു.
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ തടയാനുള്ള യാതൊരു പദ്ധതിയും ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് 12.30നും ഒരു മണിക്കും ഉള്ളിലാണ് പ്രധാനമന്ത്രി റോഡ് മാർഗം വരുന്നുവെന്ന് പറഞ്ഞ് ഞങ്ങളോട് റോഡിൽ നിന്ന് മാറാൻ പഞ്ചാബ് പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ ഇത് തങ്ങൾ വിശ്വസിച്ചില്ല, അവർ കള്ളം പറയുകയാണെന്നാണ് കരുതിയതെന്നും കർഷക നേതാവ് വ്യക്തമാക്കി.
ഭട്ടിൻഡയിൽനിന്ന് ഫിറോസ്പുരിലേക്ക് റോഡ് മാർഗമുള്ള യാത്രയ്ക്കിടെ ഇരുനൂറോളം കർഷകസമരക്കാർ വഴി തടഞ്ഞതിനെത്തുടർന്ന് ബുധനാഴ്ച ഉച്ചയ്ക്ക് 20 മിനിറ്റോളമാണ് മോദിയുടെ വാഹനവ്യൂഹം ഫിറോസ്പുർ-മോഗ്ര റോഡിലെ മേൽപ്പാലത്തിൽ കുടുങ്ങിയിരുന്നത്. ഇതോടെ യാത്രയും ഫിറോസ്പുരിലെ റാലിയും റദ്ദാക്കി പ്രധാനമന്ത്രി മടങ്ങിയിരുന്നു. സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പഞ്ചാബ് സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. സുരക്ഷാ വീഴ്ച സംബന്ധിച്ച കാര്യങ്ങൾ അന്വേഷിക്കാൻ ഉന്നതതല സംഘത്തേയും പഞ്ചാബ് സർക്കാർ നിയോഗിച്ചിട്ടുണ്ട്.
എസ്പിജിയുടെ നിയമങ്ങൾ പാലിക്കാൻ പഞ്ചാബ് പൊലീസ് തയ്യാറായില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി. 'ബ്ലൂ ബുക്ക് പ്രകാരം, പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ പഞ്ചാബിലേത് പോലെ എന്തെങ്കിലും പ്രതികൂല സാഹചര്യമുണ്ടായാൽ, സംസ്ഥാന പൊലീസ് സംരക്ഷകനായി ഒരു അടിയന്തര റൂട്ട് തയ്യാറാക്കേണ്ടതുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
ഹുസൈനിവാലയിലെ രക്തസാക്ഷി സ്മാരകം സന്ദർശിക്കാനും 42,750കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിടാനും ഫിറോസ്പൂരിലെ പാർട്ടി റാലിയിൽ പങ്കെടുക്കാനുമാണ് പ്രധാനമന്ത്രി ഇന്നലെ രാവിലെ പഞ്ചാബിൽ എത്തിയത്. സംസ്ഥാനത്തെ വലിയ കർഷക സംഘടനയായ ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനെതിരെ നിരവധി കേന്ദ്രങ്ങളിൽ റോഡ് ഉപരോധം പ്രഖ്യാപിച്ചിരുന്നു.
ഭട്ടിൻഡ വിമാനത്താവളത്തിൽ എത്തിയ മോദി ഹുസൈനിവാലയിലേക്ക് ഹെലികോപ്റ്ററിൽ പോകാനിരുന്നതാണ് . മഴയും മോശം കാലാവസ്ഥയും കാരണം 20 മിനിട്ട് വിമാനത്താവളത്തിൽ കാത്തിരുന്നു. കാലാവസ്ഥ മെച്ചപ്പെടാത്തതിനെ തുടർന്ന് റോഡ് മാർഗ്ഗം തിരിക്കുകയായിരുന്നു.ഹുസൈനിവാലയ്ക്ക് 30 കിലോമീറ്റർ ഇപ്പുറമുള്ള ഫ്ളൈ ഓവറിൽ എത്തിയപ്പോഴേക്കും റോഡ് ഉപരോധിച്ചതായി അറിഞ്ഞു.
അതോടെ വാഹനവ്യൂഹം ഫ്ളൈ ഓവറിൽ കുടുങ്ങി. സുരക്ഷാ ഭടന്മാർ ചാടിയിറങ്ങി നിറതോക്കുകളുമായി പ്രധാനമന്ത്രിയുടെ കാറിനെ വലയം ചെയ്തു. ഇരുപത് മിനിറ്റോളം കാത്തുകിടന്നശേഷം പരിപാടികളെല്ലാം റദ്ദാക്കി നരേന്ദ്ര മോദി ഭട്ടിൻഡ വിമാനത്താവളത്തിലേക്ക് മടങ്ങുകയായിരുന്നു.