ശ്രീനഗർ: ജമ്മു കശ്മീരിലെ നാല് മുൻ മുഖ്യമന്ത്രിമാരുടെ പ്രത്യേക സുരക്ഷ പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. നാഷണൽ കോൺഫെറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, മകനും പാർട്ടി വൈസ് പ്രസിഡന്റുമായ ഒമർ അബ്ദുല്ല, പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി, കോൺഗ്രസ് നേതാവ് ഗുലാം നബി അസാദ് എന്നിവരുടെ പ്രത്യേക സുരക്ഷ(എസ്.എസ്.ജി) പിൻവലിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെയും മുൻ മുഖ്യമന്ത്രിമാരുടെയും സുരക്ഷക്കായി ജമ്മു കശ്മീരിലെ പ്രത്യേക സുരക്ഷാ വിഭാഗമാണ് എസ്.എസ്.ജി രൂപീകരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ വിരോധമാണ് സുരക്ഷ പിൻവലിക്കാൻ കാരണമെന്ന് ഒമർ അബ്ദുല്ല പ്രതികരിച്ചു.

'ഇത് വ്യക്തമായും രാഷ്ട്രീയമാണ്, പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ഞങ്ങളുടെ വർധിച്ചുവരുന്ന രാഷ്ട്രീയ പ്രവർത്തനങ്ങളോടുള്ള പ്രതികരണമാണിത്. എന്നാൽ ഇതൊന്നും ഞങ്ങളെ നിശബ്ദരാക്കില്ല,' ഒമർ അബ്ദുല്ല പറഞ്ഞു.

സുരക്ഷ പിൻവലിച്ചതിനെക്കുറിച്ച് തന്നെ അറിയിച്ചിട്ടില്ലെന്ന് മെഹബൂബ മുഫ്തിയും പറഞ്ഞു. 'ഇത് ഔദ്യോഗികമായി എന്നെ അറിയിച്ചിട്ടില്ല. എന്തുകൊണ്ടാണ് അവർ ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് പറയാനാവില്ല,' മെഹബൂബ മുഫ്തി പറഞ്ഞു.

അതേസമയം, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാർക്ക് അവരുടെ നിലവിലെ സാഹചര്യം അനുസരിച്ച് സുരക്ഷ നൽകുമെന്ന് കേന്ദ്രം അറിയിച്ചു. ഇവർ നേരിടുന്ന ഭീഷണി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ പൊലീസിന്റെ സുരക്ഷാ വിഭാഗം സുരക്ഷ നൽകണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു.