കണ്ണൂർ: സൈനികർ സ്‌കൂളിന് മുൻവശത്തെ മൈതാനം കമ്പിവേലി കെട്ടി അടച്ചതു കാരണം വിദ്യാർത്ഥികൾ അരി ചാക്ക് ചുമക്കേണ്ടി വന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പ്രാകൃത നടപടിയെന്നു വിശേഷിപ്പിച്ചതിനു പിന്നാലെ ബാലാവകാശ കമ്മിഷനും ഇടപെട്ടു .

ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള. ബർണശേരിയിലെ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കന്ററി സ്‌കൂൾ വിദ്യാർത്ഥികളുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തിയ സംഭവത്തിലാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തത്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ചെയർമാൻ കെ വി മനോജ് കുമാർ സ്വമേധയായാണ് കേസെടുത്തത്. കുട്ടികൾക്ക് കൊണ്ടുവന്ന അരിയും മറ്റു സാധനങ്ങൾ ബുധനാഴ്ച അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളും ചുമന്ന് സ്‌കൂളിലെത്തിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് റിപ്പോർട്ടുനൽകാൻ ഡിഫൻസ് സെക്യൂരിറ്റി ചീഫിന് ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.

നൂറ്റമ്പതിലധികം വർഷമായി വിദ്യാർത്ഥികളും സ്‌കൂളധികൃതരും ഉപയോഗിച്ചിരുന്ന സ്‌കൂളിന്റെ മുൻ വശത്തെ മൈതാനമാണ് പട്ടാളക്കാർ ഈ ഭൂമി തങ്ങളുടെതാണെന്നും ഇവിടേക്ക് അനുവാദം ഇല്ലാതെ പ്രവേശിക്കാൻ പാടില്ലെന്നും ഫോട്ടോഗ്രാഫി നിരോധിച്ചുവെന്നുമുള്ള ബോർഡും വെച്ച് വഴി അടച്ചത്.

ഇതോടെ സ്‌കൂളിലേക്ക് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും വിദ്യാലയത്തിലേക്ക് കടന്നുവരാൻ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനിടയിലാണ് കഴിഞ്ഞദിവസം വിദ്യാലയത്തിലേക്ക് ഉച്ചഭക്ഷണത്തിനായി കൊണ്ടുവന്ന അരി സ്‌കൂളിലേക്ക് ലോറിയിൽ കൊണ്ടുപോകാൻ അനുവദിച്ചില്ല.

ഇതിനിടെ അരികൊണ്ടുപോകാൻ ഇടപെടണമെന്നാവശ്യപ്പെട്ട് സ്‌കൂൾ അധികൃതർ കലക്ടറുമായി ബന്ധപ്പെട്ടപ്പോൾ കലക്ടർ പട്ടാള അധികാരികളുമായി ഫോണിലൂടെ ചർച്ച ചെയ്തുവെങ്കിലും പട്ടാള അധികൃതർ തങ്ങളുടെ നിലപാടിൽ മാറ്റം വരുത്താൻ തയ്യാറായില്ല. ഇതേ തുടർന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും അരി ചുമന്നാണ് പാചകപ്പുരയിലെത്തിച്ചത് ഇതു മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന്ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.ഇതിനെ തുടർന്നാണ് ബാലാവകാശ കമ്മിഷന്റെ ഇടപെടൽ