കൊച്ചി: പഞ്ചാബ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹന വ്യൂഹം സുരക്ഷാ വീഴ്ചയെ തുടർന്ന് ഫ്ളൈ ഓവറിൽ 20 മിനിറ്റ് കുടുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി പ്രമുഖ വ്യവസായി എം എ യൂസുഫ് അലി. പ്രധാനമന്ത്രിയുടെ യാത്ര തടസപ്പെട്ടത് ദൗർഭാഗ്യകരമാണെന്ന് യൂസുഫ് അലി ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ യാത്ര തടസപ്പട്ടത് ദുഃഖകരവും ദൗർഭാഗ്യകരവുമാണെന്ന് യൂസുഫ് അലി പറഞ്ഞു.

നമ്മുടെ രാജ്യത്തിന്റെ ഭാവി തലമുറയ്ക്കായി മികച്ച പ്രവർത്തനം നടത്താൻ പ്രധാനമന്ത്രിക്ക് നല്ല ആരോഗ്യവും ദീർഘായസും നൽകുന്നതിനായി പ്രത്യേക പ്രാർത്ഥന നടത്തിയതായും യൂസുഫ് അലി ട്വിറ്ററിൽ കുറിച്ചു.

ഹുസൈൻവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് കർഷകരുടെ പ്രതിഷേധമുണ്ടായത്. ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 15 മുതൽ 20 മിനിറ്റ് വരെ ഒരു ഫ്‌ളൈ ഓവറിൽ കുടുങ്ങി. വൻസുരക്ഷാ വീഴ്ചയാണ് പഞ്ചാബ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.

പഞ്ചാബ് സർക്കാർ മനഃപൂർവം പ്രധാനമന്ത്രിയുടെ ഒരു പരിപാടി അലങ്കോലമാക്കാൻ ശ്രമിച്ചുവെന്നാണ് ബിജെപി ആരോപിച്ചത്. ഫിറോസ്പുരിൽ 42,750 കോടി രൂപ മുതൽമുടക്കുള്ള പദ്ധതികളുടെ ശിലാസ്ഥാപനം നടത്തുന്നതിനായാണു പ്രധാനമന്ത്രി പഞ്ചാബിലെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാക്രമീകരണത്തിലെ വീഴ്ച അന്വേഷിക്കാൻ മൂന്നംഗ കേന്ദ്രസംഘത്തെ നിയോഗിച്ചിരുന്നു. കാബിനറ്റ് സെക്രട്ടേറിയറ്റിലെ സുരക്ഷാവിഭാഗം സെക്രട്ടറി സുധീർ കുമാർ സക്‌സേന അധ്യക്ഷനാകും. ഐബി ജോയിന്റ് ഡയറക്ടറും എസ്‌പിജി ഐജിയും അന്വേഷണ സംഘത്തിലുണ്ട്. ഫിറോസ്പുരിലെ സുരക്ഷാ മുന്നൊരുക്കങ്ങളിൽ വന്ന പാളിച്ചകൾ കേന്ദ്രസംഘം വിലയിരുത്തും.

പ്രധാനമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കണമെന്ന് കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകിയതിന്റെ തെളിവുകൾ പുറത്തുവന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് സുരക്ഷ ശക്തമാക്കാൻ നിർദ്ദേശിച്ച് ജനുവരി 1, 2, 4 തീയതികളിൽ പഞ്ചാബ് പൊലീസിന് മുന്നറിയിപ്പ് ലഭിച്ചതിന്റെ തെളിവ് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തു.