കൊച്ചി: നഗര ചരിത്രത്തിൽ ആദ്യമായി പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ താഴ്ന്ന ഹൃദയമിടിപ്പും ഒന്നിലധികം രോഗാവസ്ഥകളും ഉള്ള 84-കാരനായ രോഗിയുടെ ഹൃദയത്തിൽ ലോകത്തെ ഏറ്റവും ചെറിയ ഇരട്ട ചേമ്പർ ലീഡ്ലെസ്  (മൈക്ര എവി) വിജയകരമായി ഘടിപ്പിച്ചു. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ (എഫ്ഡിഎ) അംഗീകരിച്ച ലീഡ്ലെസ് പേസ്മേക്കർ, പരമ്പരാഗത പേസ്‌മേക്കറിന്റെ പത്തിലൊന്ന് വലുപ്പത്തിൽ ഏറ്റവും നൂതനമായ പേസിങ് സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന പുതിയ ഹൃദയ ഉപകരണമാണ്. മധ്യ കേരളത്തിലെ ആദ്യത്തെ ഇരട്ട ചേമ്പർ ലീഡ്ലെസ് ഇംപ്ലാന്റാണിത്. ഡോ.മഹേഷ് നളിൻ കുമാർ (കാർഡിയോളജി ഡിപാർട്ട്മെന്റ് മേധാവിയും സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുമാണ്), ഡോ.സാജൻ അഹ്‌മദ് ഇസഡ് (സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ്), ഡോ. അരുൺകുമാർ ജി (സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ്) എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇംപ്ലാന്റ്.

പരമ്പരാഗത പേസ്‌മേക്കറുകളിൽ നിന്ന് വ്യത്യസ്തമായി, മൈക്ര ട്രാൻസ്‌കത്തീറ്റർ പേസിങ് സിസ്റ്റത്തിന് പേസിങ് തെറാപ്പി നൽകുന്നതിന് വയർ (ലീഡ്) കൂടാതെ ചർമ്മത്തിന് താഴെ ഒരു സർജിക്കൽ 'പോക്കറ്റ്' ആവശ്യമില്ല. മൈക്ര ഒരു അഡ്വാൻസ്ഡ് പേസിങ് സിസ്റ്റമാണ് (രണ്ട് ഗ്രാം മാത്രമാണ് ഭാരം).ഞരമ്പിലെ കീ ഹോൾ ദ്വാരത്തിലൂടെ പൂർണമായും ഹൃദയത്തിനുള്ളിൽ പിടിപ്പിക്കാം. ഇത് അദൃശ്യമാണ്, കാർഡിയാക് വയറുകളുമായി ബന്ധപ്പെട്ട സങ്കീർണതകളില്ലാതെ ഹൃദയത്തിലേക്ക് നേരിട്ട് ഘടിപ്പിക്കുന്നതിനാൽ പരമ്പരാഗത പേസ്മേക്കറുകൾക്ക് സുരക്ഷിതമായ ബദലാകുന്നു. ദൃശ്യമല്ലാത്തതിനാൽ രോഗിക്ക് ശസ്ത്രക്രിയയുടെ ആഘാതം മറികടക്കാനും സാധാരണ ജീവിതത്തിലേക്ക് തടസങ്ങളില്ലാതെ മടങ്ങി വരാനും എളുപ്പം സാധിക്കും. പരമ്പരാഗത പേസ്മേക്കർ രോഗികളുടെ നെഞ്ചിൽ ഒരു പ്രത്യേക തടിപ്പിന് കാരണമാകുന്നു, ഇതുമായി പൊരുത്തപ്പെടാൻ പലർക്കും സമയമെടുക്കും.
ശരാശരി ബാറ്ററി ആയുസ് 8-13 വർഷമാണ്. 99 ശതമാനം ഇംപ്ലാന്റും വിജയകരമെന്നാണ് ക്ലിനിക്കൽ പഠനങ്ങൾ വ്യക്തമാക്കുന്നത്. നെഞ്ചിൽ പാടോ, മുഴയോ ഇല്ലാത്തതിനാൽ ലീഡ് ലെസ് പേസ്മേക്കർരോഗിക്ക് പുതിയ അനുഭവം പകരുന്നു. ചർമ്മത്തിനടിയിൽ പേസ്മേക്കർ ഉണ്ടെന്നതിന് ഒരു അടയാളങ്ങളുമുണ്ടാകില്ല.