കൊച്ചി: ഒരിടവേളക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രമാണ് 'ഹൃദയം'. പ്രഖ്യാപന സമയം മുതൽ ആരാധകർ കാത്തിരിപ്പിലാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 21ന് പ്രേക്ഷകർക്ക് മുന്നെലെത്തും. ഇപ്പോഴിതാ ചിത്രത്തിലെ നാലാമത്തെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

താതക തെയ്താരെ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ് . കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ഗാനരചന. പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് വീഡിയോ കാണുകയും ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നത്.



പാട്ടിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ 'ദർശന' സോംഗ് ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഹിറ്റ് ലിസ്റ്റിൽ ഇടംനേടി കഴിഞ്ഞു. പിന്നാലെ ഇറങ്ങിയ രണ്ട് ഗാനങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. നിവിൻ പോളി നായകനാകുന്ന തുറമുഖം, ദുൽഖർ നായകനാകുന്ന സല്യൂട്ട്, ടൊവിനോയുടെ നാരദൻ തുടങ്ങിയ സിനിമകൾ ജനുവരിയിൽ റിലീസ് ചെയ്യുന്നുണ്ട്. ഇക്കൂട്ടത്തിലാണ് ഹൃദയവും എത്തുന്നത്.

'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹൻലാൽ നായകനാവുന്ന ചിത്രമാണിത്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിർമ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്ത ബാനർ ആയിരുന്ന മെറിലാൻഡിന്റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്.