- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത തീവ്രവാദത്തിന് വളരാനുള്ള മണ്ണായി കേരളം മാറി; ഭീതി പരത്താനുള്ള ഇസ്ലാമിക മത തീവ്രവാദികളുടെ ആസൂത്രിത ശ്രമത്തിനെതിരെ സമൂഹം ഒറ്റക്കെട്ടാവണം എന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ

കണ്ണൂർ: മത ഭീകരതയ്ക്ക് കേരളം കീഴടങ്ങില്ലെന്ന സന്ദേശവുമായി ബിജെപി ലീഗൽ സെല്ലിന്റെ നേതൃത്വത്തിൽ ഇസ്ലാമിക ഭീകരവാദികൾ കൊലപ്പെടുത്തിയ ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന അഡ്വ. രൺജിത് ശ്രീനിവാസനെ അനുസ്മരിച്ചു. കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടന്ന പരിപാടി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ ഭീതി പരത്താനുള്ള ഇസ്ലാമിക മത തീവ്രവാദികളുടെ ആസൂത്രിത ശ്രമത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് കൃഷ്ണകുമാർ പറഞ്ഞു.
ആഗോളതലത്തിൽ മതഭീകരവാദികളുടെ രീതിയാണ് ഇത്തരം അക്രമങ്ങളും കൊലപാതകങ്ങളും. കേരളം എങ്ങോട്ടു പോകുന്നു എന്നതിന്റെ വ്യക്തമായ അടയാളമാണ് രൺജിത് ശ്രീനിവാസന്റെ കൊലപാതകം. സർവ്വരാലും അംഗീകരിക്കപ്പെട്ട വ്യക്തിത്വമായിരുന്നു രൺജിത്തിന്റേത്. രാജ്യത്ത് ഇസ്ലാമിക ഭീകരവാദികൾ നടത്തുന്ന എല്ലാ ഭീകരവാദ പ്രവർത്തനങ്ങൾക്കും ആളും അർത്ഥവും നൽകുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. പൊലീസിൽ, രഹസ്യാന്വേഷണ വിഭാഗത്തിൽ തുടങ്ങി സമസ്ത മേഖലകളിലും ഇസ്ലാമിക മതതീവ്രവാദികൾ നുഴഞ്ഞു കയറിയിരിക്കുന്നു. ഇവർക്ക് വേണ്ട് ഒത്താശ ചെയ്യുകയാണ് സംസ്ഥാന ഭരണകൂടം.
ഇന്റലിജന്റ്സ് സംവിധാനം മുഴുവനായും മതതീവ്രവാദികളുടെ കൈകളിലാണ്. തെരഞ്ഞെടുപ്പ് അജണ്ട പോലും ഇത്തരം ശക്തികൾ തീരുമാനിക്കുന്ന സ്ഥിതിയിലെത്തിയിരിക്കുകയാണ് കേരളത്തിൽ. ഇതിനെതിരെ ശബ്ദിക്കാൻ ബിജെപി ഇതര മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് ഭയമാണ്. വോട്ട് ബാങ്ക് ലക്ഷ്യംവച്ചാണ് ഇടത്-വലത് മുന്നണികൾ ഭീകരവാദത്തിനെതിരെ ശബ്ദിക്കാൻ തയ്യാറാവാത്തത്. തീവ്രവാദ കേസുകളിൽ പ്രതികളായവരെ അറസ്റ്റ് ചെയ്യാൻ പോലും പൊലീസ് തയ്യാറാവുന്നില്ല.
പ്രതികൾ ഇതരസംസ്ഥാനത്തേക്ക് രക്ഷപ്പെടുകയാണ്. റെയ്ഡ് നടത്താൻ പോലും പൊലീസിനേയും കേന്ദ്ര ഏജൻസികളേയും അനുവദിക്കുന്നില്ല. ഇത്തരം സംഭവങ്ങൾ അടിക്കടി ഉണ്ടാകുമ്പോഴും സംസ്ഥാന ഭരണകൂടം ഭയപ്പെടുകയാണ്. ഭീകരവാദികൾ സർവ്വ സൈന്യാധിപന്റെ മരണത്തെ പോലും ആഘോഷമാക്കി മാറ്റി. മരണം ആഹ്ലാദിക്കാനുള്ളതാണെന്ന് പ്രഖ്യാപിക്കുന്നു. മതതീവ്രവാദ പ്രസ്ഥാനങ്ങൾക്ക് വളക്കൂറുള്ള മണ്ണായി മാറിയ കേരളത്തിൽ നിന്നും ഇവരെ ഇല്ലായ്മ ചെയ്യാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കാനുള്ള പ്രതിജ്ഞയെടുക്കുകയെന്നതാണ് രൺജിത് ശ്രീനിവാസിന്റെ ശ്രദ്ധാഞ്ജലി ദിനത്തിൽ ചെയ്യാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ഭീകരവാദികൾ ആർഎസ്എസിനും സംഘപരിവാർ സംഘടനകൾക്കുമെതിരെയാണ് പ്രവർത്തിക്കുന്നതെങ്കിൽ നാളെ സമൂഹത്തിനാകെ ആപത്തായി മാറാനിരിക്കുകയാണ്. എല്ലാ വിഭാഗം ആളുകൾക്കും ഭീകരവാദ സംഘടനകൾ എതിരാകും. സമൂഹം ഒറ്റക്കെട്ടായി എതിർക്കപ്പെടേണ്ടതാണ് മതതീവ്രവാദം. രാജ്യത്തിന്റെ സുരക്ഷ കാത്തു സൂക്ഷിക്കുന്ന ദേശീയ പ്രസ്ഥാനങ്ങൾക്ക് പിന്തുണ നൽകാൻ ജനങ്ങൾ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷൻ സി. സദാനന്ദൻ മാസ്റ്റർ, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്, അഡ്വ. വി. രത്‌നാകരൻ, അഡ്വ. കെ.പി. സുരേഷ്, അഡ്വ. എം. വിനോദ്കുമാർ, അഡ്വ. ജിതിൻ രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു. അഡ്വ. ശ്രദ്ധാരാഘവൻ സ്വാഗതവും അഡ്വ.വി.വി ഷൈമ നന്ദിയും പറഞ്ഞു.


