ആലപ്പുഴയിൽ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയും ബിജെപി നേതാവുമായ രൺജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യസൂത്രധാരകരായ രണ്ട് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ. മണ്ണഞ്ചേരി സ്വദേശി തെക്കേവെളിയിൽ ഷാജി (47), പൊന്നാട് സ്വദേശി പുന്നയ്ക്കൽ വീട്ടിൽ നഹാസ്(31) എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റിലായ ഷാജി എസ്ഡിപിഐ ആലപ്പുഴ മണ്ഡലം വൈസ് പ്രസിഡന്റാണ്. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എൻ ആർ ജയരാജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 18 ആയി. പ്രതികളെ കോടതിയിൽ ഹാജരാക്കും.മുഖ്യ പ്രതികളടക്കം കൂടുതൽ പേർ ഇനിയും അറസ്റ്റിൽ ആകാനുണ്ട്.

ഡിസംബർ 19 ന് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബിജെപി നേതാവ് രൺജീത്തിനെ കൊലപ്പെടുത്തിയത്. പ്രഭാത സവാരിക്കായി വീട്ടിൽ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘം ബൈക്കിലെത്തി രൺജീത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിൽ വച്ചാണ് ആക്രമണം ഉണ്ടായത്. നേരത്തെ ഒബിസി മോർച്ച ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്നു രൺജീത് ശ്രീനിവാസൻ.

എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകത്തിന് പകരമായാണ് രൺജീത്തിനെ കൊലപ്പെടുത്തിയത്. പ്രതികൾ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നെന്ന സൂചനയെ തുടർന്ന് മിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലും പ്രതികൾക്കായി തിരച്ചിൽ നടത്തിയിരുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നതിനാൽ പ്രതികൾ സുരക്ഷിത ഇടങ്ങളിലേക്ക് ഒളിത്താവളം മാറ്റാൻ ഇടയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.