കണ്ണൂർ: അപകടാവസ്ഥയിലായ രണ്ടു രാജവെമ്പാലകളെ അതിസാഹസികമായി പരിസ്ഥിതി വന്യജീവി പ്രവർത്തകർ രക്ഷപ്പെടുത്തി. ഉദയഗിരി മാമ്പൊയിലിലെ തോമസ് മാത്യുവിന്റെ റബ്ബർഎസ്റ്റേറ്റിലെ കരിങ്കൽകെട്ടിനകത്ത് കുടുങ്ങിക്കിടക്കുകയായിരുന്ന എട്ടടിയോളം നീളമുള്ള പെൺപാമ്പിനെയാണ് സ്നേക്ക് റെസ്‌ക്യൂയറും പരിസ്ഥിതി വന്യജീവി സംരക്ഷകൻ വിജയ് നീലകണ്ഠൻ, രഗിനേഷ് മുണ്ടേരി എന്നിവർ ചേർന്ന് രക്ഷപ്പെടുത്തിയത്.വെള്ളിയാഴ്‌ച്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഇരവിഴുങ്ങിയ പാമ്പായതു കൊണ്ട് വളരെ ശ്രദ്ധയോടെയാണ് പാമ്പിനെ രക്ഷിച്ചത്. ഈ സമയത്തുതന്നെയാണ് വൈകുന്നേരം മൂന്നരയോടെ പാത്തൻപാറയിലെ ആനപ്പാറ വീട്ടിൽ സാബു അഗസ്റ്റിന്റെ വീട്ടിൽ നിന്നും മറ്റൊരു രാജവെമ്പാലയെ കണ്ട വിവരം ഫോണിയുടെ എത്തിയത്. ഇദ്ദേഹത്തിന്റെ മീൻവളർത്തൽ കുളത്തിലായിരുന്നു രാജവെമ്പാല. ഒൻപത് അടിയോളം നീളമുള്ള ആൺ രാജവെമ്പാലയാണ് ഇവിടെ മീൻകുളത്തിൽ കുടുങ്ങിയത്.

വളരെ വിസ്താരമേറിയ ഇടങ്ങളിൽ സഞ്ചരിക്കുന്ന, കടുത്ത വിഷമുള്ള രാജവെമ്പാല പ്രകോപനം ഉണ്ടായാൽ അതീവ അപകടകാരിയാണെങ്കിലും സാധാരണയ്ക്ക് ഇവ നാണക്കാരും മനുഷ്യരുമായി ഇടയാൻ നിൽക്കാത്തവരുമാണെന്ന് വിജയ് നീലകണ്ഠൻ പറഞ്ഞു. വനനശീകരണവും കാർഷിക ഭൂമിയുടെ വ്യാപനവും മൂലം ആവാസവ്യവസ്ഥയുടെ നാശമാണ് കിങ് കോബ്രയെ പ്രധാനമായും ഭീഷണിപ്പെടുത്തുന്നത്.

ഇന്ത്യയിൽ, 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ കക പ്രകാരമാണ് ഇതിനെ സംരക്ഷിക്കുന്നത്. ഒരു രാജവെമ്പാലയെ കൊല്ലുന്നത് ആറ് വർഷം വരെ തടവിന് ശിക്ഷിക്കപ്പെടാവുന്ന കുറ്റമാണെന്ന് രഗിനേഷ് മുണ്ടേരി കൂട്ടി ചേർത്തു.

ലോകത്തിലെ ഏറ്റവും നീളം കൂടിയ വിഷമുള്ള പാമ്പായ രാജവെമ്പാല ഇണചേരുന്ന സമയമായതിനാൽ രണ്ട് പാമ്പുകളേയും അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ തളിപ്പറമ്പ റേഞ്ച് ഫോറസ്‌ററ് ഓഫീസർ വി. വി. രതീശന്റെ നിർദ്ദേശത്തിൽ വിട്ടയച്ചു.