ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ തെരുവുനായയെ യുവാവ് അടിച്ചുകൊന്നു. യുവാവിന്റെ വീട്ടിലെ പെൺപട്ടിയെ കാണാൻ സ്ഥിരമായി തെരുവ് നായ വന്നതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. പട്ടിയെ അടിച്ചു കൊല്ലുന്ന ദാരുണ ദൃശ്യങ്ങൾ വ്യാപകമായാണ് പ്രചരിക്കുന്നത്.

വടി ഉപയോഗിച്ച് തെരുവുനായയെ യുവാവ് അടിച്ചു കൊല്ലുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പിന്നാലെ കല്ല് വലിച്ചെറിയുന്നതും കാണാം. ഒപ്പമുണ്ടായിരുന്ന നായ്ക്കൾ അടുത്തേക്ക് വന്നപ്പോൾ അവയെ യുവാവ് എറിഞ്ഞോടിച്ചു. ക്രൂരമായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അടിയേറ്റ് ചലനമില്ലാതെ കിടന്നിട്ടും നായയെ വീണ്ടും വടി കൊണ്ട് യുവാവ് തല്ലുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ സമൂഹ മാധ്യമങ്ങളിൽ അടക്കം യുവാവിനെതിരെ പ്രതിഷേധം ഉയരുകയാണ്.